തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കാസര്‍കോട്ടേയ്ക്ക് 25 അംഗ ചികിത്സാ സംഘത്തെ അയക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന 25 അംഗ സംഘം ഇന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും യാത്ര തിരിക്കും. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ എസ് എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ 10 ഡോക്ടര്‍മാരും 10 നേഴ്‌സുമാരും അഞ്ച് നേഴ്‌സിംഗ് അസിസ്റ്റന്റുമാരുമാണ് ചികിത്സാ സംഘത്തിലുള്ളത്. കര്‍ണാടക അതിര്‍ത്തി അടച്ചതും ചികിത്സ നിഷേധവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും ഉള്‍പ്പെടെ കാസര്‍കോടിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് പ്രത്യേക സംഘത്തെ അയക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് കാസര്‍കോട് ജില്ലയിലാണ്. 123 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയവരും സമ്പര്‍ക്കത്തിലൂടെ രോഗം വന്നവരും ഇതില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ ഇന്ന് 6 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിസ്സാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരും ഇതില്‍ ഉള്‍പ്പെടുന്നു. മൂന്ന് പേര്‍ ദുബായില്‍ നിന്നും എത്തിയവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.
കേരളത്തില്‍ 11 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. കേരളത്തിലെ 306 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് കേരളത്തില്‍ 8 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നിന്നും 7 പേരുടെയും തിരുവനന്തപുരം ജില്ലയിലെ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 254 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
Leave a Comment