കൊച്ചിയില്‍നിന്ന് ഇന്നും നാളെയും വിമാന സര്‍വീസ്

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു ഇന്നും നാളെയും പ്രത്യേക സര്‍വീസ് നടത്തും. യാത്രക്കാരെ അയക്കുന്നതു കര്‍ശന ആരോഗ്യ സുരക്ഷാ നടപടികളോടെയാണ്. ഇന്ന് ഒമാന്‍ എയര്‍ മസ്‌കത്തിലേക്കും നാളെ എയര്‍ഇന്ത്യ ഫ്രാന്‍സിലേക്കുമാണ് പ്രത്യേക സര്‍വീസുകള്‍ നടത്തുന്നത്.

ഇന്നത്തെ ഒമാന്‍ എയര്‍ വിമാനത്തില്‍ കൊച്ചിയില്‍ നിന്ന് 53 ഒമാന്‍ സ്വദേശികളാണു പുറപ്പെടുക. ഇവര്‍ വിവിധ ചികില്‍സകള്‍ക്കായി മാര്‍ച്ച് 3ന് മുമ്പ് കൊച്ചിയിലെത്തിയതാണ്. ക്വാറന്റൈന്‍ കാലയളവ് കഴിഞ്ഞതിനെത്തുടര്‍ന്നാണ് ഇവര്‍ സ്വദേശത്തേക്കു മടങ്ങുന്നത്. ഉച്ചയ്ക്ക് 2ന് മസ്‌കത്തില്‍ നിന്നെത്തുന്ന വിമാനം 2.50ന് ഇവിടെ നിന്ന് പുറപ്പെട്ട് ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും കുടുങ്ങിയ ഒമാനികളുമായി വൈകിട്ടോടെ മസ്‌കത്തിലേക്കു പുറപ്പെടും.

നാളെ എയര്‍ഇന്ത്യ വിമാനം ഇന്ത്യയില്‍ കുടുങ്ങിയിട്ടുള്ള ഫ്രഞ്ച് പൗരന്‍മാരെ നാട്ടിലെത്തിക്കുന്നതിനാണ് സര്‍വീസ് നടത്തുന്നത്. ബെംഗളൂരുവില്‍ നിന്ന് രാവിലെ 6.45ന് കൊച്ചിയില്‍ എത്തുന്ന വിമാനം 8ന് ഇവിടെ നിന്ന് മുംബൈ വഴി പാരിസിലേക്കു പറക്കും. ഇന്നത്തെ മസ്‌കത്ത് വിമാനത്തില്‍ പോകാനുള്ളവര്‍ ഉച്ചയ്ക്ക് 12 മണിയോടെ വിമാനത്താവളത്തിലെത്തും. എല്ലാ യാത്രക്കാരും പ്രത്യേകം കാറുകളിലാണെത്തുക. ടെര്‍മിനലില്‍ പ്രവേശിക്കുന്നതിനു മുമ്പേ ഇവരുടെ ബാഗുകള്‍ അണുവിമുക്തമാക്കും.

ഇവരെ ആരോഗ്യപരിശോധനകള്‍ക്കും വിധേയമാക്കും. ഇതിനു ശേഷം ടെര്‍മിനലിലേക്കു പ്രവേശിക്കുന്ന ഇവര്‍ക്ക് ഇരിക്കാന്‍ പ്രത്യേക സ്ഥലത്ത് കോവിഡ് പ്രതിരോധ പ്രോട്ടോകോള്‍ പ്രകാരം അകലമുള്ള ഇരിപ്പിടങ്ങള്‍ തയാറാക്കിയിട്ടുണ്ട്. പരമാവധി 5 പേരെ വീതമാണ് ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിക്കുക. ഇമിഗ്രേഷന്‍ പരിശോധനകള്‍ക്കു ശേഷം നേരെ രണ്ടാം നമ്പര്‍ ഗേറ്റിലൂടെ വിമാനത്തില്‍ കയറ്റും.

ലോക്ഡൗണ്‍ മാറിയാലുടന്‍ 24 മണിക്കൂര്‍ സര്‍വീസിന് വിമാനത്താവള റണ്‍വേ തയാറായി. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പേ റണ്‍വേയിലെ ജോലികളെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിനാലാണിത്. പുതുതായി നിര്‍മിക്കുന്ന 2 ടാക്‌സിവേ ലിങ്കുകളുടെ നിര്‍മാണം മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്.

ലോക്ഡൗണ്‍ മൂലം വിമാനത്താവള റണ്‍വേയുടെ പുനര്‍നിര്‍മാണവും തടസ്സപ്പെട്ടത് യാത്രക്കാരില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ലോക്ഡൗണ്‍ മാറിയാലും 24 മണിക്കൂര്‍ റണ്‍വേ പ്രവര്‍ത്തനം ആരംഭിക്കാന്‍ പിന്നെയും കാത്തിരിക്കേണ്ടി വരുമല്ലോ എന്നതായിരുന്നു യാത്രക്കാരുടെ ആശങ്ക. റണ്‍വേ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഒരാഴ്ചയിലേറെ അവശേഷിക്കുമ്പോഴായിരുന്നു ലോക്ഡൗണ്‍.

എന്നാല്‍ ലോക്ഡൗണ്‍ പ്രഖ്യാപനത്തിനു മുന്‍പേ റണ്‍വേയിലെ ജോലികളെല്ലാം സിയാല്‍ പൂര്‍ത്തിയാക്കിയിരുന്നു. റണ്‍വേയില്‍ 2 നിര ടാര്‍ വിരിക്കല്‍, ലൈറ്റിങ് സംവിധാനങ്ങള്‍ മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയവയെല്ലാം നിശ്ചിത സമയത്തിനു മുന്‍പേ പൂര്‍ത്തിയാക്കി. ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ ടാക്‌സിവേ നിര്‍മാണവും പൂര്‍ത്തിയാക്കാം. ഇതിനു വേണ്ടി റണ്‍വേയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തേണ്ടതില്ല.

മാര്‍ച്ച് 29 മുതല്‍ നിലവില്‍ വരുന്ന വേനല്‍ക്കാല സമയവിവരപ്പട്ടിക പ്രകാരം 24 മണിക്കൂറും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മുന്‍കൂട്ടിക്കണ്ട് വിമാനക്കമ്പനികള്‍ തങ്ങളുടെ പുതുക്കിയ സമയങ്ങള്‍ ക്രമപ്പെടുത്തിയിരുന്നു. ലോക്ഡൗണ്‍ പിന്‍വലിച്ചാലുടന്‍ അതു മാറ്റാതെ സര്‍വീസുകള്‍ ആരംഭിക്കാം. 15നു തന്നെ വിമാനസര്‍വീസുകള്‍ പുരനരാരംഭിക്കാനാകുമോ എന്ന് ഇപ്പോഴും വ്യക്തമല്ലെന്നും റിപ്പോര്‍ട്ടുണ്ട്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment