കൊറോണ: അമ്മയുടെ അന്ത്യ നിമിഷം മക്കള്‍ കണ്ടത് വാക്കിടോക്കിയിലൂടെ

വാഷിങ്ടന്‍ : അമ്മയുടെ അന്ത്യ നിമിഷം ആറുമക്കള്‍ കണ്ടത് വാക്കിടോക്കിയിലൂടെ.കൊറോണ ബാധിച്ച് മരിക്കുന്നതിനു തൊട്ടുമുമ്പ് അമ്മയോട് ആറു മക്കള്‍ സംസാരിച്ചത് വാക്കിടോക്കിയിലൂടെ. അമ്മയുടെ അവസാന നിമിഷങ്ങള്‍ മുറിക്കു പുറത്തുനിന്നു ജനാലയിലൂടെയാണു മക്കള്‍ കണ്ടത്. ആഴ്ചകള്‍ക്കു മുന്‍പ് സ്തനാര്‍ബുദത്തെ അതിജീവിച്ച സണ്‍ഡീ റട്ടര്‍ എന്ന നാല്‍പത്തിരണ്ടുകാരിയാണ് പൊടുന്നനെ കൊറോണ ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. മാര്‍ച്ച് 16ന് വാഷിങ്ടനിലെ എവറെട്ടിലാണു സംഭവം.

കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രൊവിഡന്‍സ് ആശുപത്രിയിലെ ജീവനക്കാര്‍ സന്ദര്‍ശകരെ റട്ടറിന്റെ മുറിയില്‍ പ്രവേശിപ്പിക്കാതായി. 13 മുതല്‍ 24 വരെ വയസ്സുള്ള മക്കള്‍ക്കും റട്ടറിനെ പിന്നീട് കാണാന്‍ കഴിഞ്ഞില്ല. രോഗം വഷളായതിനെ തുടര്‍ന്ന് ആറു മക്കളും അമ്മയുടെ മുറിയുടെ പുറത്ത് ഒത്തു ചേര്‍ന്നു. തുടര്‍ന്ന് അമ്മയ്ക്കും മക്കള്‍ക്കും സംസാരിക്കാനുള്ള സൗകര്യമൊരുക്കി

ഒരു വാക്കിടോക്കി റട്ടറിന്റെ തലയണയില്‍ വച്ചു. ജനാലയിലൂടെ കണ്ണീരോടെ നോക്കിനിന്ന മക്കള്‍ ‘ഞങ്ങള്‍ അമ്മയെ സ്‌നേഹിക്കുന്നു’ എന്ന് വാക്കിടോക്കിയിലൂടെ പറഞ്ഞു. എല്ലാം ശരിയാകുമെന്നും രോഗം ഭേദമാകുമെന്നും മക്കള്‍ അമ്മയെ ആശ്വസിപ്പിച്ചു. എന്നാല്‍ പ്രതീക്ഷകള്‍ ഫലിച്ചില്ല. മക്കളെ അനാഥരാക്കി അമ്മയും കടന്നുപോയി. എട്ടു വര്‍ഷം മുമ്പ് ഇവരുടെ ഭര്‍ത്താവും മരിച്ചിരുന്നു. ഇളയകുട്ടികളുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കുമെന്നും അമ്മ ആഗ്രഹിച്ചതുപോലെ അവരെ വളര്‍ത്തി വലുതാക്കുമെന്നും ഇരുപതുകാരനായ മകന്‍ എലിജാ റോസ് റട്ടര്‍ പറഞ്ഞു.

pathram:
Leave a Comment