പിണറായിക്ക് ‘മുറ’ തെറ്റിയോ..?

സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്ന് പറയുമ്പോഴും ഹെലികോപ്റ്ററിന് ഒന്നര കോടി രൂപ സര്‍ക്കാര്‍ വാടകയായി നല്‍കിയത് വന്‍ വിവാദമായിരിക്കുകയാണ്.ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് ഹെലികോപ്റ്ററിന്റെ കാര്യം കുത്തിപ്പൊക്കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നിര്‍ബന്ധിച്ച് പിടിച്ചുവാങ്ങുന്ന പിണറായി അനാവശ്യ ധൂര്‍ത്ത് നടത്തുന്നുവെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ഇതിന് പിന്നാലെ ഇതെ കുറിച്ചുള്ള ചോദ്യത്തിന് കാര്യങ്ങള്‍ മുറ പോലെ നടക്കും എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഈ വാക്കുകളെ ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ വന്‍ വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്.

‘മുറ പോലെയായിരുന്നു കാര്യങ്ങള്‍ എങ്കില്‍ ഇന്ന് വൈകുന്നേരവും നാട്ടിലെ കൂലിപ്പണിക്കാരുള്‍പ്പടെ അധ്വാനിച്ച് കുടുംബം നോക്കാനുള്ള കൂലി കണ്ടെത്തുമായിരുന്നു. കേരളത്തിലെ 265 പേര്‍ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടാന്‍ ആശുപത്രികളില്‍ രോഗബാധിതരായി.

ശാരീരികമായി ഒറ്റപ്പെട്ട് കഴിയേണ്ടി വരുമായിരുന്നോ? മുഖ്യമന്ത്രീ.. മുറ പോലെ അല്ല കാര്യങ്ങള്‍. നാം വലിയൊരു വിപത്തിനെ നേരിടുകയാണ്.’ ‘ശമ്പളം കൊടുക്കാനുള്ള പണം പോലും ഖജനാവില്‍ കാണില്ലെന്ന് പറയുന്ന അങ്ങ് ഹെലികോപ്റ്ററിന്റെ കാര്യത്തില്‍ മാത്രം കാര്യങ്ങള്‍ മുറ പോലെ നടക്കുമെന്ന് സംശയാതീതമായി പ്രഖ്യാപിക്കുമ്പോള്‍ പത്രസമ്മേളനത്തിലെ മുന്‍ഗണനകളും പ്രവര്‍ത്തിയിലെ മുന്‍ഗണനകളും തമ്മിലുള്ള അന്തരം ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നുണ്ട്.’ ഷാഫി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ് വായിക്കാം:

മുറ പോലെയായിരുന്നു കാര്യങ്ങള്‍ എങ്കില്‍ ഇന്ന് വൈകുന്നേരവും നാട്ടിലെ കൂലിപ്പണിക്കാരുള്‍പ്പടെ അധ്വാനിച്ച് കുടുംബം നോക്കാനുള്ള കൂലി കണ്ടെത്തുമായിരുന്നു .

മുറ പോലെയായിരുന്നു കാര്യങ്ങള്‍ എങ്കില്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പോക്കറ്റില്‍ കൈയ്യിട്ട് അവരുടെ ശമ്പളം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടേണ്ടി വരുമായിരുന്നോ ?

മുറ പോലെയായിരുന്നു കാര്യങ്ങള്‍ എങ്കില്‍ കേരളത്തിലെ ആയിരക്കണക്കിന് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ ജീവന്‍ പണയം വെച്ചു ഈയൊരു പോരാട്ടത്തിന് വീടിനെയും കുടുംബത്തെയും വിട്ട് മാറിനില്‍ക്കേണ്ടി വരില്ലായിരുന്നു

കേരളത്തിലെ 265 പേര്‍ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടാന്‍ ആശുപത്രികളില്‍ രോഗബാധിതരായി
ശാരീരികമായി ഒറ്റപ്പെട്ട് കഴിയേണ്ടി വരുമായിരുന്നോ ?

വിദേശത്ത് നിന്ന് വരുന്ന ഓരോ മലയാളിയും സന്തോഷത്തോടെ സ്വന്തം കുടുംബത്തെ ചേര്‍ത്ത് പിടിച്ചു മക്കള്‍ക്ക് ഒരു ഉമ്മ കൊടുത്ത് കുടുംബത്തോടൊപ്പം വീട്ടിലേക്ക് പോകുമായിരുന്നില്ലേ ?

മുറ പോലെ ആയിരുന്നു കാര്യങ്ങള്‍ എങ്കില്‍ ചികിത്സ കിട്ടാതെ കര്‍ണ്ണാടക അതിര്‍ത്തിയില്‍ ആളുകള്‍ മരിച്ച് വീഴുമായിരുന്നോ ?
കല്യാണം , മരണാനന്തര ചടങ്ങുകള്‍ , പരീക്ഷകള്‍ ഇതിലൊക്കെ നിയന്ത്രണങ്ങള്‍ വേണ്ടി വരുമായിരുന്നോ ?

ചികിത്സക്കും , പഠനത്തിനും , തൊഴിലിനും , വിനോദത്തിനും , വ്യായാമത്തിനും , കച്ചവടത്തിനുമൊക്കെയായി ജനങ്ങള്‍ പുറത്തുണ്ടാകുമായിരുന്നില്ലേ ?

മുറ പോലെ ആയിരുന്നു കാര്യങ്ങളെങ്കില്‍ 1,64,130 പേര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വരുമായിരുന്നോ ?
21 ദിവസം നാട് ലോക്ക് ഡൗണിലേക്ക് മാറേണ്ടി വരുമായിരുന്നോ ?
ഡോക്ടര്‍മാര്‍ മദ്യത്തിന് കുറിപ്പ് കൊടുക്കാതിരിക്കാന്‍ കോടതിയുടെ സഹായം തേടേണ്ടി വരുമായിരുന്നോ ?

മുഖ്യമന്ത്രീ.. മുറ പോലെ അല്ല കാര്യങ്ങള്‍ .
നാം(ലോകം) വലിയൊരു വിപത്തിനെ നേരിടുകയാണ് . അത് കൊണ്ട് തന്നെ മുറകള്‍ തെറ്റി പോകുന്നുണ്ട് .

ശമ്പളം കൊടുക്കാനുള്ള പണം പോലും ഖജനാവില്‍ കാണില്ലെന്ന് പറയുന്ന അങ്ങ് ഹെലികോപ്റ്ററിന്റെ കാര്യത്തില്‍ മാത്രം കാര്യങ്ങള്‍ മുറ പോലെ നടക്കുമെന്ന് സംശയാതീതമായി പ്രഖ്യാപിക്കുമ്പോള്‍ പത്രസമ്മേളനത്തിലെ മുന്‍ഗണനകളും പ്രവര്‍ത്തിയിലെ മുന്‍ഗണനകളും തമ്മിലുള്ള അന്തരം ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നുണ്ട് . ഈ സമയത്ത് എന്തെങ്കിലും അത്യാവശ്യത്തിന് (അനാവശ്യത്തിനും ) ഹെലിക്കോപ്റ്റര്‍ വേണമെങ്കില്‍ അന്ന് തൃശൂര്‍ പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് വന്ന് തിരിച്ച് പോവാന്‍ 8 ലക്ഷം കൊടുത്തത് പോലെ വാടകക്ക് വിളിച്ചാല്‍ മതിയായിരുന്നു . ഇനി കോവിഡ് പ്രതിരോധാവശ്യങ്ങള്‍ക്ക് 10 തവണ ഉപയോഗിച്ചാല്‍ പോലും 80 ലക്ഷം കൊണ്ട് കാര്യം നടന്നേനെ .
ഇപ്പോള്‍ ഇതായിരുന്നില്ല മുന്‍ഗണനയും സ്വീകരിക്കേണ്ടിയിരുന്ന മുറയും.

pathram:
Related Post
Leave a Comment