കൊറോണ: സമൂഹ വ്യാപനത്തിലേക്ക്; പ്രധാനമായും ശ്രദ്ധിക്കേണ്ട സ്ഥലങ്ങള്‍…

രാജ്യത്ത് കോവിഡ് പ്രഭവകേന്ദ്രങ്ങളുടെ കേന്ദ്രസര്‍ക്കര്‍ തയ്യാറാക്കിയ പട്ടികയില്‍ കേരളത്തിലെ പത്തനംതിട്ടയും കാസര്‍ഗോഡും. കൊറോണബാധ സാമൂഹ്യ വ്യാപനത്തിന്റെ ഘട്ടത്തില്‍ എത്തിയിരിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മതസമ്മേളനത്തിന് പിന്നാലെ രോഗബാധ സ്ഥിരീകരിക്കപ്പെട്ട ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളാണ് പട്ടികയിലുള്ളത്.

നിസാമുദ്ദീന് പുറമേ ഡല്‍ഹിയിലെ നിഷാദ് ഗാര്‍ഡന്‍ നോയ്ഡ എന്നിവവും പട്ടികയിലുണ്ട്. മീററ്റ്, ഫില്‍വാഡ, അഹമ്മദാബാദ്, മുംബൈ, പൂനെ എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള മറ്റ് നഗരങ്ങള്‍. കൂടുതല്‍ ശ്രദ്ധയും മുന്‍കരുതലുകളും സംസ്ഥാന സര്‍ക്കാരുകളും പ്രാദേശിക ഭരണകൂടങ്ങളും എടുക്കാന്‍ വേണ്ടിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്്. വ്യാപകമായി രോഗം സ്ഥിരീകരിച്ചതാണ് കാസര്‍ഗോഡ് പട്ടികയില്‍ ഇടം പിടിച്ചത്്. കേരളത്തില്‍ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും അനേകര്‍ നിരീക്ഷണത്തില്‍ ആകുകയും ചെയ്ത സ്ഥലമാണ് പത്തനംതിട്ട.

നിസാമുദ്ദീനിലെ മര്‍ക്കസില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത 24 പേര്‍ക്ക് ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരണമടഞ്ഞിരുന്നു. എന്നാല്‍ ഹൃദ്‌രോഗവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്ന ഇദ്ദേഹം കോവിഡ് ബാധിച്ചാണോ മരിച്ചതെന്ന് വ്യക്തമായിട്ടില്ല. രണ്ടുപേര്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തിലാണ്. ആറ് പേര്‍ പത്തനംതിട്ടയില്‍ തിരിച്ചെത്തിയിരുന്നു. മത സമ്മേളനത്തില്‍ പങ്കെടുത്തിട്ടുളള എല്ലാവരോടും അതാതു സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

pathram:
Leave a Comment