ആശങ്കയേറ്റി തിരുവനന്തപുരം; ഒരു പ്രദേശം മുഴുവന്‍ നിരീക്ഷണത്തിലേക്ക് മാറണം

തിരുവനന്തപുരം പോത്തന്‍കോട് മേഖല മുഴുവന്‍ നിരീക്ഷണത്തിലേക്ക് മാറണമെന്ന് നിര്‍ദേശം. മൂന്നാഴ്ച സമ്പൂര്‍ണ നിരീക്ഷണത്തിലേക്ക് മാറണമെന്നാണ് നിര്‍ദേശം. ഇന്ന് പ്രദേശത്ത് കൊവിഡ് ബാധിച്ച് അബ്ദുല്‍ അസീസ് മരിച്ചതിന് പിന്നാലെയാണ് നടപടി.

ഇന്ന് മരിച്ച അബ്ദുല്‍ അസീസ് മരണാന്തര ചടങ്ങുകള്‍, വിവാഹങ്ങള്‍ അടക്കമുള്ള നിരവധി പരിപാടികളില്‍ പങ്കെടുത്തിരുന്നു. എവിടെനിന്നാണ് അബ്ദുല്‍ അസീസിന് വൈറസ് ബാധയേറ്റതെന്ന് വ്യക്തമല്ല. അബ്ദുല്‍ അസീസിന്റെ മകള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രദേശത്തെ മുഴുവന്‍ ജനങ്ങളും നിരീക്ഷണത്തില്‍ കഴിയണമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്നലെ അര്‍ധരാത്രിയാണ് കൊവിഡ് ബാധിച്ച് തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി അബ്ദുല്‍ അസീസ് മരിച്ചത്. ഇദ്ദേഹത്തിന് രോഗം വന്നതെങ്ങനെയെന്ന് കണ്ടെത്താന്‍ ആരോഗ്യ വിഭാഗത്തിന് സാധിച്ചിട്ടില്ല. എവിടെ നിന്നാണ് രോഗത്തിന്റെ ഉറവിടമെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അബ്ദുല്‍ അസീസ് മരണത്തിന് കീഴടങ്ങിയത്.

ഈ മാസം 28 മുതല്‍ ഇദ്ദേഹം ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. അതുകൊണ്ടാണ് ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതിരുന്നതെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു.

ദീര്‍ഘനാളായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു അബ്ദുള്‍ അസീസിന്. കഴിഞ്ഞ 5 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ചികില്‍സയിലായിരിക്കെ ഇദ്ദേഹത്തിന് കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകുകയും തുടര്‍ന്ന് വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തകരാറിലായതിനാല്‍ ഡയാലിസിസ് തുടങ്ങുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മരണം സംഭവിക്കുന്നത്.

pathram:
Related Post
Leave a Comment