സഹായ ഹസ്തവുമായി സല്‍മാന്‍ ഖാനും

രാജ്യം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏറ്റവും ബുദ്ധിമുട്ടിലായിരിക്കുന്നത് ദിവസവേതനക്കാരായ സാധാരണക്കാരാണ്. ബോളിവുഡ് സിനിമാ ഇന്‍ഡസ്ട്രിയിലെ ദിവസ വേതനക്കാരുടെ സ്ഥിതിയും ദയനീയമാണ്. ഉപജീവനം പ്രതിസന്ധിയിലായിരിക്കുന്ന ബോളിവുഡ് ഇന്‍ഡസ്ട്രിയിലെ 24,000 ദിവസവേതന തൊഴിലാളികള്‍ക്ക് സഹായവുമായി സല്‍മാന്‍ ഖാന്‍. ഫെഡറേഷന്‍ ഓഫ് വെസ്‌റ്റേണ്‍ ഇന്ത്യ സിനി എപ്ലോയിസ് സംഘടനയിലെ ആര്‍ട്ടിസ്റ്റുകള്‍ക്കാണ് സല്‍മാന്‍ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. സംഘടന പ്രസിഡന്റ് ബി എന്‍ തിവാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘സംഘടനയിലെ അംഗങ്ങളായ ദിവസവേതനക്കാരുടെ പ്രശ്‌നങ്ങളുമായി ഞങ്ങള്‍ സല്‍മാന്‍ ഖാനെ സമീപിച്ചിരുന്നു. അസോസിയേഷനില്‍ പെടുന്ന ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന തൊഴിലാളികളുടെ എണ്ണം നല്‍കണമെന്ന് അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ടു, അത്തരം 25,000 ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടെന്ന് അറിയിച്ചപ്പോള്‍ അവരെ സഹായിക്കാമെന്ന് അദ്ദേഹം വാക്കു നല്‍കുകയായിരുന്നു, അംഗങ്ങളുടെ ലിസ്റ്റ് ഇന്ന് വൈകുന്നേരത്തോടെ ഞങ്ങള്‍ അദ്ദേഹത്തിന് കൈമാറും,’ തിവാരി ഒരു മാധ്യമത്തോട് പറഞ്ഞു. ദിവസ വേതന തൊഴിലാളികളുടെ പട്ടികയും അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സല്‍മാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നേരിട്ട് തുക അക്കൗണ്ടിലേക്ക് കൈമാറാനാണ് അദ്ദേഹം തീരുമാനിക്കുന്നതെന്നും തിവാരി പറയുന്നു.

കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്ക് 25 കോടി സംഭാവന നല്‍കുമെന്ന് പ്രതിജ്ഞ ചെയ്ത് അക്ഷയ് കുമാറും രംഗത്തെത്തിയിരുന്നു. അക്ഷയ് കുമാറിനെ കൂടാതെ ഹൃത്വിക് റോഷന്‍, രജനീകാന്ത്, പ്രഭാസ്, മഹേഷ് ബാബു, പവന്‍ കല്യാണ്‍, രാം ചരണ്‍ നിരവധി സെലിബ്രിറ്റികളും സഹായഹസ്തവുമായി എത്തിയിട്ടുണ്ട്.

ദൈനംദിന കൂലിത്തൊഴിലാളികളെ സഹായിക്കാന്‍ 50 ലക്ഷം രൂപ സംഭാവന നല്‍കി മുന്നോട്ട് വന്ന സെലിബ്രിറ്റികളില്‍ ആദ്യ ആള്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ആണ്. ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ ജീവനക്കാര്‍ക്കും മറ്റു കെയര്‍ടേക്കേഴ്‌സിനുമായി എന്‍95, എഫ്എഫ്പി3 മാസ്‌ക്കുകള്‍ വാങ്ങുകയാണ് ഹൃത്വിക് ചെയ്തത്. അതേസമയം കപില്‍ ശര്‍മ 50 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു.

pathram:
Leave a Comment