റാപ്പിഡ് ടെസ്റ്റ്: പതിനായിരം കിറ്റുകള്‍ സൗജന്യമായി എത്തിക്കുമെന്ന് അന്‍വര്‍ സാദത്ത്

കൊച്ചി: സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ കൊറോണ വേഗത്തില്‍ പരിശോധിച്ചറിയാന്‍ സാധിക്കുന്ന റാപ്പിഡ് ടെസ്റ്റിനുള്ള പതിനായിരം കിറ്റുകള്‍ കുവൈത്തില്‍ നിന്ന് സൗജന്യമായി എത്തിക്കുമെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്. ഇക്കാര്യം റാപ്പിഡ് ടെസ്റ്റ് വിജയകരമായി പരീക്ഷിച്ച കുവൈത്തിലെ കമ്പനിയുമായി സംസാരിച്ചെന്നും കിറ്റുകള്‍ എത്തിക്കാന്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സാമൂഹവ്യാപനം ഉണ്ടായാല്‍ വേഗത്തില്‍ പരിശോധന നടത്തി ഫലം ലഭിക്കുക എന്നത് പ്രധാനമാണ്. രോഗനിര്‍ണയത്തിനുള്ള കാലതാമസമാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. നമ്മുടെ വൈറോളജി ലാബുകളിലേക്ക് സ്രവം പരിശോധനയ്ക്ക് അയച്ചാലും ഒന്നു രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാകും ഫലം ലഭിക്കുക. ചൈനയിലും കുവൈത്തിലും വിജയകരമായി പരീക്ഷിച്ച റാപ്പിഡ് ടെസ്റ്റിന്റെ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. രക്തപരിശോധനയിലൂടെ 15 മിനിറ്റ് കൊണ്ട് ഫലം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഇന്ത്യയില്‍ ഇതുപയോഗിക്കാന്‍ ആരോഗ്യ മന്താലയത്തിന്റെ കീഴിലുള്ള ഐസിഎംആറിന്റെ അനുമതി വേണം. ഇതിനായി ശ്രമിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പത്രസമ്മേളനത്തില്‍ റാപ്പിഡ് ടെസ്റ്റ് ഉടന്‍ സംസ്ഥാനത്ത് എത്തിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. കിറ്റുകള്‍ കുവൈത്തില്‍ നിന്ന് എത്തിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം അവ എത്രയും പെട്ടെന്ന് കേരളത്തില്‍ എത്തിക്കുമെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.

pathram:
Related Post
Leave a Comment