കൊറോണ അറിയാന്‍ ഇനി റാപ്പിഡ് ടെസ്റ്റ് ; എന്താണ് റാപ്പിഡ് ടെസ്റ്റ്?

തിരുവനന്തപുരം: കൊറോണ പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാന്‍ റാപ്പിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. റാപ്പിഡ് ടെസ്റ്റ് ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രിയും ശനിയാഴ്ച വ്യക്തമാക്കി. അതിവേഗം ഫലം അറിയാന്‍ സാധിക്കുമെന്നതാണ് റാപ്പിഡ് ടെസ്റ്റിന്റെ പ്രധാന പ്രത്യേകത.

നിലവില്‍ പിസിആര്‍ (പോളിമെര്‍ ചെയിന്‍ റിയാക്ഷന്‍) ടെസ്റ്റ് വഴിയാണ് ഇന്ത്യയില്‍ എല്ലാ രോഗികളിലും വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയുന്നത്. കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനാലാണ് പിസിആര്‍ ടെസ്റ്റിന് മുന്‍ഗണന നല്‍കിയിരുന്നത്. അതേസമയം ഈ പരിശോധനയ്ക്ക് കൂടുതല്‍ സമയം ആവശ്യമാണ്. സാമൂഹ്യ വ്യാപനം പെട്ടെന്ന് തിരിച്ചറിയേണ്ടതിനാലാണ് അതിവേഗം ഫലം ലഭിക്കുന്ന റാപ്പിഡ് ടെസ്റ്റിലേക്ക് സംസ്ഥാന ആരോഗ്യവകുപ്പ് ചുവടുമാറുന്നത്.

ആന്റിബോഡി ഉപയോഗിച്ചുള്ള പരിശോധനയാണിത്. വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാലുണ്ടാകുന്ന ആന്റിബോഡികള്‍ തിരിച്ചറിയുന്ന രീതിയാണ് റാപ്പിഡ് ടെസ്റ്റ് അവലംബിക്കുന്നത്. വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാല്‍ ദിവസങ്ങള്‍ക്കകം ശരീരം ആന്റിബോഡികള്‍ നിര്‍മിച്ച് തുടങ്ങും. ഈ ആന്റിബോഡികള്‍ രക്തത്തിലുണ്ടോ എന്ന് അതിവേഗം കണ്ടെത്തുന്നതാണ് റാപ്പിഡ് ടെസ്റ്റിലെ പരിശോധന രീതി. വളരെ എളുപ്പത്തില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ടെസ്റ്റ് നടത്താം.

കൊറോണ എന്നല്ല ഏത് വൈറസ് ബാധ പടരുമ്പോഴും സമൂഹ്യ വ്യാപനമുണ്ടായോ എന്നറിയാന്‍ റാപ്പിഡ് ടെസ്റ്റാണ് ഫലപ്രദമായി ഉപയോഗപ്പെടുത്തുക. സമൂഹത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സാഹചര്യം നിയന്ത്രണ വിധേയമാക്കാന്‍ ഇതുവഴി അധികൃതര്‍ക്ക് സാധിക്കും. ഇതിന് ചെലവും കുറവാണ്.

വൈറസ് ഒരാളുടെ ശരീരത്തില്‍ പ്രവേശിച്ച് ഏതാനം ദിവസങ്ങള്‍ കഴിഞ്ഞ ശേഷം മാത്രമേ റാപ്പിഡ് ടെസ്റ്റിലൂടെ ഫലം അറിയാന്‍ സാധിക്കു. നിലവില്‍ നിരീക്ഷണത്തിലുള്ളവരിലും അവരുമായി ബന്ധപ്പെട്ടവര്‍ തുടങ്ങിയ എല്ലാവരിലും അതിവേഗം പരിശോധന നടത്തി ഫലമറിയാന്‍ റാപ്പിഡ് ടെസ്റ്റ് സഹായിക്കും. കൊറോണ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ലോകത്തെ മറ്റ് രാജ്യങ്ങളും റാപ്പിഡ് ടെസ്റ്റിലൂടെ ഫലങ്ങള്‍ കണ്ടെത്തിയിരുന്നു.

pathram:
Related Post
Leave a Comment