കൊല്ലം സബ് കലക്ടറുടെ വിശദീകരണം കേട്ട് കണ്ണുതള്ളിപ്പോയി..!!! ഉടന്‍ കിട്ടി സസ്‌പെന്‍ഷന്‍…

കൊറോണ നിരീക്ഷണത്തില്‍നിന്ന് മുങ്ങിയ കൊല്ലം സബ് കലക്ടര്‍ അനുപം മിശ്രയ്ക്ക് സസ്‌പെന്‍ഷന്‍. പൊലീസ് കേസെടുത്തതിനു പിന്നാലെയാണു നടപടി. സബ്കലക്ടറുടെ നിയമലംഘനം സംബന്ധിച്ച റിപ്പോര്‍ട്ടിനൊപ്പം വകുപ്പുതല നടപടിക്ക് കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഹോം ക്വാറന്റീനെന്നാല്‍ ‘സ്വന്തം വീട്ടില്‍ പോവുക’ എന്നാണു കരുതിയെന്നാണ് അനുപം മിശ്ര കലക്ടര്‍ക്ക് നല്‍കിയ വിചിത്ര വിശദീകരണം.

കൊല്ലം തേവള്ളിയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് സബ് കലക്ടര്‍ കടന്നത്. ആരോഗ്യസ്ഥിതി അന്വേഷിക്കാനായി വ്യാഴാഴ്ച ഉദ്യോഗസ്ഥരെത്തിയപ്പോള്‍ സബ് കലക്ടറെ കാണാനില്ലെന്നു മനസിലായത്. എവിടെ പോയെന്നു സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥനും അറിയില്ലായിരുന്നു. തുടര്‍ന്ന് കലക്ടര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടു. വിളിച്ചപ്പോള്‍ ബംഗളൂരുവില്‍ എന്നാണ് പറഞ്ഞത്. എന്നാല്‍ ടവര്‍ ലൊക്കേഷന്‍ കാന്‍പുരായിരുന്നു.

ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ച കലക്ടര്‍ ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ അറിയിച്ചു. മധുവിധുവിനായി സിംഗപ്പൂരിലും മലേഷ്യയിലും പോയ ശേഷം ഈ മാസം 18 നാണ് അനുപം മിശ്ര കൊല്ലത്ത് മടങ്ങിയെത്തിയത്. തേവള്ളിയിലെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ 19 ന് കലക്ടറാണ് നിര്‍ദേശിച്ചത്. വീട്ടില്‍ രാത്രിയില്‍ വെളിച്ചം കാണാത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ അറിയിച്ചതനുസരിച്ച് വ്യാഴാഴ്ച ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് സബ് കലക്ടര്‍ മുങ്ങിയതറിയുന്നത്. ക്വാറന്റീന്‍ ലംഘനം ഉള്‍പ്പെടെ നാലു വകുപ്പുകളാണ് സബ് കലക്ടര്‍ക്കെതിരെ ചുമത്തിയത്. രണ്ട് വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പുകളാണിവ. ആരോഗ്യവകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം വെസ്റ്റ് പൊലീസാണ് കേസെടുത്തത്.

pathram:
Leave a Comment