അവരും മനുഷ്യരാണ്; പോലീസുകാർക്കും സുരക്ഷ വേണം…

പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന പോലീസ് മേധാവി

നിരോധനം നടപ്പാക്കുന്നതിന് നിയോഗിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വെയിലും ചൂടുമേറ്റ് ജോലി ചെയ്യുന്ന പോലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ആയിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പോലീസുകാര്‍ക്ക് കൃത്യസമയത്ത് ഭക്ഷണവും വെള്ളവും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. അവര്‍ക്ക് ഗ്ലൌസ്, മാസ്ക്, സാനിറ്റൈസര്‍ എന്നിവയും നല്‍കണം. കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകാന്‍ സംവിധാനമൊരുക്കണം. പോലീസുകാര്‍ നിര്‍ബന്ധമായും സാമൂഹ്യ അകലം പാലിക്കണം. പരിശോധന നടത്തുമ്പോള്‍ വാഹനങ്ങളിലോ വ്യക്തികളെയോ സ്പര്‍ശിക്കാന്‍ പാടില്ല. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ കൃത്യമായ അകലം പാലിക്കണം.

നിയന്ത്രണങ്ങള്‍ ദീര്‍ഘനാള്‍ തുടരുന്ന സാഹചര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ വിശ്രമം ലഭിക്കുന്നതിനുവേണ്ടി ജോലി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ആക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അടിയന്തിരഘട്ടങ്ങളില്‍ നിയോഗിക്കുന്നതിന് ഒരുവിഭാഗം പോലീസുകാരെ റിസര്‍വ്വ് ആയി നിര്‍ത്താനും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡിവൈ.എസ്.പി തലത്തിലെ ഉദ്യോഗസ്ഥനായിരിക്കും പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനുള്ള ചുമതല.

പോലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് റേഞ്ച് ഡി.ഐ.ജിമാരും സോണല്‍ ഐ.ജിമാരും നടപടി സ്വീകരിക്കും. ബറ്റാലിയനിലെ ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് അസിസ്റ്റന്‍റ് കമാന്‍റന്‍റ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കും. ഡ്യൂട്ടിയില്‍ ഇല്ലാത്ത ബറ്റാലിയനുകളിലെ പോലീസുകാര്‍ ബാരക്കില്‍ത്തന്നെ തുടരേണ്ടതാണ്. സാമൂഹ്യ അകലം പാലിക്കല്‍, വ്യക്തിശുചിത്വം എന്നിവയെക്കുറിച്ച് എല്ലാദിവസവും പോലീസുകാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടു.

pathram desk 2:
Related Post
Leave a Comment