രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കുതിക്കുന്നു… 24 മണിക്കൂറിനിടെ മരിച്ചത് ആറ് പേര്‍

ഡല്‍ഹി; രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ പതിനാറ് പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. കര്‍ണാടക സ്വദേശിയുടേതാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത മരണം

ഗുജറാത്തിലെ അഹമ്മദാബാദില്‍ എണ്‍പത്തിയഞ്ചുകാരിയും ഭവ്‌നഗറില്‍ എഴുപതുകാരനുമാണ് നേരത്തെ മരിച്ചത്. ഇതോടെ ഗുജറാത്തിലെ മരണസംഖ്യ മൂന്നായി ഉയര്‍ന്നു. പുതിയ നാല് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 43 ആയി. ശ്രീനഗറില്‍ അറുപത്തിയഞ്ചുകാരന്‍ മരിച്ചു. ഗോവയില്‍ ആദ്യമായി പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക, സ്‌പെയിന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ യാത്ര ചെയ്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൊവിഡ് സംശയിക്കുന്നയാള്‍ മരിച്ചു. പരിശോധനാഫലം കാത്തിരിക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്‍ഡോറില്‍ തന്നെ അഞ്ച് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപതായി.

ഉത്തര്‍പ്രദേശില്‍ നാല് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇവിടെ കൊവിഡ് ബാധിതരുടെ എണ്ണം 42 ആയി. കര്‍ണാടകയിലെ ഉഡുപ്പിയില്‍ അന്‍പത്തിയാറുകാരന്‍ ആത്മഹത്യ ചെയ്തു. കൊവിഡ് ബാധിതനില്‍ നിന്ന് രോഗം പകര്‍ന്നോയെന്ന് സംശയിച്ചാണ് ആത്മഹത്യ. ഛത്തീസ്ഗഡില്‍ ഇതുവരെ ആറ് പേര്‍ക്കും പശ്ചിമബംഗാളില്‍ പത്ത് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. രാജസ്ഥാനില്‍ രണ്ട് പേര്‍ കൂടി രോഗബാധിതരായതോടെ എണ്ണം മുപ്പത്തിയെട്ട് കടന്നു. തെലങ്കാനയില്‍ കൊവിഡ് ബാധിതരുടെ സംഖ്യ നാല്‍പ്പത്തിയൊന്നായി.

കശ്മീരിലെ ഹൈദര്‍പൂരിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇയാളുടെ വീട്ടിലെ നാലുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ വീട്ടിലുള്ളവരെ ഐസൊലേഷനിലേക്ക് മാറ്റി. കശ്മീരില്‍ ഇരുവരെ 11 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കശ്മീരില്‍ രോഗികളുടെ റൂട്ട്മാപ്പ് തയ്യാറാക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. 5,124 പേരാണ് ക്വാറന്റൈനിലായത്. ഇവരില്‍ 3,061 പേര്‍ വീട്ടിലും 80 പേര്‍ ആശുപത്രിയിലുമാണ് ക്വാറന്റൈനില്‍ കഴിയുന്നത്. 1477 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലാണ്.

രാജ്യത്തിന് കൂടുതല്‍ ആശങ്കകള്‍ സമ്മാനിച്ചു കൊണ്ട് ചേരിയിലേക്കും കോവിഡ് 19 പടര്‍ന്നിരിക്കുകയാണ്. ഇറ്റലിയില്‍ നിന്നും എത്തിയ വകോല സ്വദേശിയിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഇയാളെ കസ്തൂര്‍ബാ ഹോസ്പിറ്റിലിലേക്ക് മാറ്റി. രോഗം സ്ഥിരീകരിച്ചതോടെ ചേരി നിവാസികളെ നിരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 15 പുതിയ കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

രോഗം ഗോവയിലേക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും പടര്‍ന്നിട്ടുണ്ട്. ഗോവയില്‍ മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലാം പുരഷന്മാരാണ്. 25,29,55 പ്രായപരിധിയില്‍ ഉള്ളവരാണ് ഇവര്‍. സ്‌പെയിന്‍, ഓസ്‌ട്രേലിയ, യുഎസ് എന്നിവിടങ്ങളില്‍ നിന്നും വന്നവരാണ് ഇവര്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മണിപ്പൂര്‍, മിസോറം എന്നിവിടങ്ങളില്‍ ഓരോ കേസും റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത് 656 പേര്‍ക്കാണ്. കഴിഞ്ഞ അഞ്ചു ദിവസമായി ദിവസവും 60 എന്ന നിലയിലാണ് രോഗികളുടെ എണ്ണം പെരുകുന്നത്. അതേസമയം രോഗം കുറഞ്ഞ് ആശുപത്രി വിടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ബുധനാഴ്ച പുറത്ത് പോയ എട്ടുപേര്‍ ഉള്‍പ്പെടെ 56 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. 20 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 94 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഒറ്റദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 99 ആയിരുന്നു കണക്ക്.

pathram:
Related Post
Leave a Comment