കൊറോണ രോഗം: ഇങ്ങനെ ചെയ്താല്‍ ശ്വാസതടസ്സത്തിന്റെ തീവ്രത കുറയ്ക്കുമെന്ന് പഠനം

ബീജിങ്: ലോകമെമ്പാടും കൊറോണ വൈറസ് ഭീതിയിലാണ് കഴിയുന്നത്. വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് 16,000 ആളുകളാണ് ഇതുവരെ മരിച്ചത്. രോഗം വന്ന് ഗുരുതരാവസ്ഥയില്‍ ആയ ആളുകളില്‍ കൂടുതലായി കണ്ടുവരുന്ന പ്രശ്‌നമാണ് ശ്വാസതടസം. എന്നാല്‍ ശ്വാസതടസം നേരിടുന്നവര്‍ കമഴ്ന്നു കിടക്കുന്നത് ശ്വാസതടസ്സത്തിന്റെ തീവ്രത കുറയ്ക്കുമെന്ന് പഠനം.

ഒരുസംഘം ചൈനീസ് ഗവേഷകരാണ് പുതിയ പഠനവുമായി രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് റെസ്പിരേറ്ററി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനില്‍ ഇവരുടെ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെ കഴിയുന്നവരെ അടക്കം ഇത്തരത്തില്‍ കിടത്തിയാല്‍ അവരുടെ ശ്വാസകോശത്തിനുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. സൗത്ത് ഈസ്റ്റ് ചൈന യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍.

വെന്റിലേറ്ററില്‍ കഴിയുമ്പോഴും ശ്വാസതടസ്സം നിയന്ത്രിക്കാന്‍ കഴിയാത്തവരില്‍ ഇത് പ്രായോഗികമാണെന്ന് ഗവേഷകര്‍ പറയുന്നു. കോവിഡ്19 രോഗത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ആദ്യം പുറത്തുവന്ന ഗവേഷണ റിപ്പോര്‍ട്ടാണ് ഇത്. വുഹാനിലെ ജിനിയിന്‍താന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 12 രോഗികളില്‍ നടത്തിയ പരീക്ഷണം കേന്ദ്രീകരിച്ചാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഈ 12 പേരും കോവിഡ്19 മൂലം കടുത്ത ശ്വാസതടസ്സം നേരിട്ടവരായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ഇവരെ ചികിത്സിച്ചിരുന്നത്. ഫെബ്രുവരി 18 നാണ് ഇവര്‍ പഠനം നടത്തിയത്. ആറാഴ്ചകളോളം രോഗികളെ ഇവര്‍ നിരീക്ഷിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് രക്തത്തില്‍ ഓക്‌സിജന്റെ അളവ് വലിയതോതില്‍ കുറയുന്ന അവസ്ഥയെ നേരിട്ടവരാണ് ഈ രോഗികള്‍.

24 മണിക്കൂറോളം ചിലരെ ഇത്തരത്തില്‍ കിടത്തി വെന്റിലേറ്റര്‍ കൊടുത്തിരുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം സാധാരണ രീതിയില്‍ കിടത്തി വെന്റിലേറ്റര്‍ നല്‍കിയവരേക്കാള്‍ മെച്ചപ്പെട്ടതായി കണ്ടെത്തി. ഇവര്‍ പഠനവിധേയയരാക്കിയ രോഗികളുടെ എണ്ണം വളരെ കുറവാണെങ്കിലും അതീവ ഗുരുതരാവസ്ഥയിലുണ്ടായിരുന്നവരിലാണ് ഈ പരീക്ഷണം നടത്തിയത്. അതിനാല്‍ ഗുരുതരാവസ്ഥയിലായ രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഈ മാര്‍ഗവും അവലംബിക്കാവുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. പരീക്ഷണം നടത്തിയവരില്‍ മൂന്ന് രോഗികള്‍ മരിച്ചിരുന്നുവെന്നും പഠനത്തിലുണ്ട്.

pathram:
Related Post
Leave a Comment