അത്ഭുതമായി കോവിഡ് ബാധിക്കാതെ മൂന്ന് രാജ്യങ്ങള്‍…!!!

കോവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ ഭീതിയില്‍ കഴിയുമ്പോള്‍ മൂന്ന് രാജ്യങ്ങള്‍ ഇതില്‍നിന്നും രക്ഷപെട്ട് കഴിയുന്നു. കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയയും, പിന്നെ ബോട്‌സ്വാനയും ദക്ഷിണ സുഡാനുമാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത രാജ്യങ്ങള്‍. ആഭ്യന്തര യുദ്ധം നടക്കുന്ന ലിബിയ, യെമന്‍ എന്നിവിടങ്ങളിലും വൈറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ആകെ 193 രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ ബോട്‌സ്വാന, ഉത്തര കൊറിയ, ദക്ഷിണ സുഡാന്‍ എന്നിവയാണ് കോവിഡ് 19 ന് പിടികൊടുക്കാത്ത മൂന്ന് രാജ്യങ്ങള്‍. ആഭ്യന്തര യുദ്ധം നടക്കുന്ന ലിബിയ, യെമന്‍ എന്നിവിടങ്ങളില്‍ െവെറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇവിടെ വൈറസ് ബാധയുണ്ടായാലും പുറംലോകം അറിയുക എളുപ്പമല്ല. ആഫ്രിക്കന്‍ രാജ്യങ്ങളാണു ബോട്‌സ്വാനയും ദക്ഷിണ സുഡാനും. അയല്‍ രാജ്യങ്ങള്‍ കോവിഡിന്റെ പിടിയിലായെങ്കിലും ഈ രാജ്യങ്ങളെ ഭാഗ്യം കടാക്ഷിച്ചു.

കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നാണു ഉത്തര കൊറിയയുടെ നിലപാട്. ചൈനയുടെ അയല്‍ രാജ്യമായ ഇവിടെ വൈറസ് എത്തിയിട്ടില്ലെന്നാണു സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട്. എന്നാല്‍, ഇതിനോട് ലോകരാജ്യങ്ങള്‍ക്കു യോജിപ്പിപ്പില്ല. രോഗബാധ മറച്ചുവച്ചാകാം ഉത്തര കൊറിയന്‍ അവകാശവാദമെന്നാണ് അനുമാനം.

അയല്‍ രാജ്യങ്ങളെല്ലാം കോവിഡ് 19 പിടിയിലായപ്പോഴും റഷ്യയും അത്ഭുതമാകുകയാണ്. ആകെ 438 രോഗികളെ റിപ്പോര്‍ട്ട് ചെയ്തിട്ടും ഒരാളേ റഷ്യയില്‍ മരണമടഞ്ഞുള്ളു എന്നാണ് വിവരം. ജനുവരി 31 നാണു റഷ്യയില്‍ ആദ്യ കോവിഡ്19 ബാധ സ്ഥിരീകരിച്ചത്. ആ സമയം ഇറ്റലി, ഇറാന്‍, സ്‌പെയിന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ സുരക്ഷിതമാണെന്നായിരുന്നു വിശ്വാസം. 14.5 കോടിയാണു റഷ്യയിലെ ജനസംഖ്യ. ചൈനയുമായി റഷ്യ പങ്കിടുന്നത് 4,209 കിലോമീറ്റര്‍ അതിര്‍ത്തിയാണ്.

എന്നിട്ടും വൈറസ് വ്യാപകമാകാത്തതാണു ചര്‍ച്ചയാകുന്നത്. ജനുവരി 30 നു തന്നെ റഷ്യ അതിര്‍ത്തി അടച്ചിരുന്നു. എന്നാല്‍, വൈറസ് ബാധിച്ചുള്ള മരണങ്ങള്‍ ന്യൂമോണിയയുടെ കണക്കില്‍പ്പെടുത്തി റഷ്യ കൃത്രിമം കാട്ടുകായാണെന്നാണു പാശ്ചാത്യ മാധ്യമങ്ങളുടെ നിലപാട്. പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനമാണു വിജയത്തിനു കാരണമെന്നാണു റഷ്യയുടെ നിലപാട്. ചൈനയോട് അതിര്‍ത്തി പങ്കിടുന്ന തായ്‌വാനിലും കോവിഡ് ബാധിച്ചു രണ്ട് മരണമേയുണ്ടായിട്ടുള്ളൂ. ആകെ 195 രോഗികളാണ് ഇവിടെയുള്ളത്. നിരവധി തായ്‌വാന്‍കാരാണു ജോലിക്കായി ചൈനയിലുള്ളത്.

ഇറാനേക്കാള്‍ കോവിഡ്19 ബാധിതര്‍ ജര്‍മനിയിലുണ്ട്. പക്ഷേ, മരണനിരക്ക് വളരെക്കുറവ്. ഇതോടെ ജര്‍മനിയെ മാതൃകയാക്കാനുള്ള നീക്കത്തിലാണ് അയല്‍രാജ്യങ്ങള്‍. ജര്‍മനിയില്‍ 22,762 രോഗികളാണുള്ളത്. മരിച്ചത് 86 പേര്‍(0.4 ശതമാനം). ഇറാനില്‍ 23,049 പേരെ രോഗം ബാധിച്ചു. മരിച്ചത് 1,812 പേര്‍. മരണനിരക്കിന്റെ കാര്യത്തില്‍ അയല്‍ രാജ്യങ്ങളായ ബ്രിട്ടന്‍ 5.3%, ഇറ്റലി 9%, ഫ്രാന്‍സ് 4.5%, സ്വിറ്റ്‌സര്‍ലന്‍ഡ് 7.4%, സ്‌പെയിന്‍ 5.4% എന്നിവ ജര്‍മനിയേക്കാള്‍ ഏറെ മുന്നിലാണ്. അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് ജര്‍മനിയില്‍ മുതിര്‍ന്ന പൗരന്മാരാണു കൂടുതല്‍. രോഗബാധയുടെ പേരില്‍ കര്‍ശന നിയന്ത്രണവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ല.

എന്നാല്‍, ആശുപത്രിയിലെത്തുന്നവരെ കര്‍ശനപരിശോധയ്ക്കു വിധേയരാക്കുന്നതില്‍ ജര്‍മനി മുന്നിലാണ്. സംശയമുള്ളവരെ കര്‍ശന സമ്പര്‍ക്ക വിലക്കിലുമാക്കും. അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് ജര്‍മനിയിലെ ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തില്‍ കൂടുതല്‍ കിടക്കകളുണ്ട്. രോഗികള്‍ക്കു മികച്ച ചികിത്സ ഉറപ്പുവരുത്താന്‍ കഴിയുന്നതാണു ജര്‍മനിയില്‍ മരണനിരക്ക് കുറയാന്‍ കാരണമെന്നാണു ഡോക്ടര്‍മാരുടെ നിലപാട്.

pathram:
Leave a Comment