അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം ഉണ്ടാകില്ല

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ സ്വയം സന്നദ്ധരാകണമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. രോഗത്തിന്റെ സമൂഹവ്യാപനം ഉണ്ടായാല്‍ വന്‍ ഭവിക്ഷത്ത് സംഭവിക്കുമെന്നും ഇത് തടയുന്നതിനായി വീടിനകത്തും പുറത്തും ജനങ്ങള്‍ ഒരുപോലെ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗ്രാമപ്രദേശങ്ങളിലും മറ്റും ജനങ്ങള്‍ കൂട്ടംകൂടുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതായി പറഞ്ഞ മന്ത്രി ജില്ലയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. പോലീസിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കണം. ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളവരുടെ എണ്ണം 16 ആണ്. ഇതില്‍ ഏഴ് പേര്‍ വിദേശികളും അഞ്ച് പേര്‍ കണ്ണൂര്‍ സ്വദേശികളും എറണാകുളം സ്വദേശികള്‍ മൂന്ന് പേരും ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്. രോഗബാധിതരായ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. എറണാകുളം മെഡിക്കല്‍ കോളേജ് കോവിഡ് 19 രോഗപ്രതിരോധത്തിനായി പൂര്‍ണ്ണമായും ഏറ്റെടുത്തു.

അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നുണ്ട്. ഇവയുടെ ലഭ്യതയില്‍ ഒരുതരത്തിലും കുറവ് സംഭവിക്കുകയില്ല. ആളുകള്‍ ആവശ്യത്തിലധികം സാധനങ്ങള്‍ വാങ്ങികൂട്ടുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായാണ് പുരോഗമിക്കുന്നതെന്ന് പറഞ്ഞ മന്ത്രി ഹോട്ടികോര്‍പ്പിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ ജനങ്ങള്‍ക്കാവശ്യമായ പഴങ്ങളും പച്ചക്കറികളും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി പറഞ്ഞു. ഓണ്‍ലൈന്‍ വിതരണ കമ്പനികളുമായി ഇതിനായുള്ള ശ്രമങ്ങള്‍ ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ എല്ലാ ദിവസവും വൈകീട്ട് ജില്ല കളക്ടറുടെ ഫെയ്‌സ് ബുക്ക് പേജില്‍ കോവിഡ് 19 രോഗബാധയെ സംബന്ധിച്ചുള്ള ജനങ്ങളുടെ സംശയങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ മറുപടി നല്‍കുന്ന സംവിധാനം ഒരുക്കും. ഇന്ന് വൈകീട്ട് 4.30ന് ഡോക്ടര്‍മാര്‍ വിവിധ സംശയങ്ങള്‍ക്ക് മറുപടി നല്‍കും. അതാത് ദിവസത്തെ സമയം മുന്‍കൂട്ടി അറിയിക്കും. ജില്ലയില്‍ പൂര്‍ണ്ണമായും ഭാഗികമായും പ്രവര്‍ത്തനം അവസാനിപ്പിച്ച ആശുപത്രികളിലെ സംവിധാനങ്ങള്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും. അടിയന്തരസാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ എല്ലാ ടോള്‍ പ്ലാസകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

ജില്ലയില്‍ 4201 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. 29 പേര്‍ ആശുപത്രികൡ നിരീക്ഷണത്തിലുണ്ട്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യവിവരങ്ങള്‍ ആരോഗ്യവകുപ്പ് റിയല്‍ ടൈം ട്രാക്കിംഗ് സംവിധാനത്തിലൂടെ വിലയിരുത്തുന്നുണ്ട്. ഇവര്‍ക്കാവശ്യമായ മരുന്നുകളും മറ്റ് സഹായങ്ങളും എത്തിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ ആദ്യമായി നടപ്പിലാക്കിയ ഈ സംവിധാനം മറ്റ് ജില്ലകള്‍ക്കും മാതൃകയാക്കാവുന്ന ഒന്നാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ആശുപത്രികളിലും സ്വാകാര്യ ആശുപത്രികളിലുമായി അടിയന്തര സാഹചര്യം നേരിടുന്നതിനായി 4482 മുറികളിലും 270 വാര്‍ഡുകളിലുമായി 8734 കിടക്കകള്‍ ജില്ലയില്‍ സജ്ജമാക്കിയിട്ടുണ്ട്. 1337 ഐ.സി.യു കിടക്കകളും 390 വെന്റിലേറ്ററുകളും 400 ആബുലന്‍സുകളും ജില്ലയില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി 67 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത് ഇവയെല്ലാം തന്നെ നെഗറ്റീവാണ്.

പൊതുവിപണിയില്‍ അവശ്യസാധനങ്ങള്‍ക്ക് കൂടുതല്‍ വിലയീടാക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും. നിയമം ലംഘിച്ച് കൂട്ടംകൂടുന്നതിനെതിരെയും വിലവര്‍ദ്ധനവിനെതിരെയും ജില്ലയില്‍ നിലവില്‍ കേസുകള്‍ ഒന്നും എടുത്തിട്ടില്ല. ക്വാറന്റൈന്‍ നിര്‍ദ്ദേശം കണക്കാക്കാതെ പുറത്തിറങ്ങിയ എട്ട് പേര്‍ക്കെതിരെ ജില്ലയില്‍ കേസുകള്‍ എടുത്തിട്ടുണ്ട്. പൊതുവില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ആരോഗ്യവകുപ്പ്, സിവില്‍ സപ്ലൈസ് വകുപ്പ് പോലുള്ള വിവിധ വകുപ്പുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ അവശ്യവസ്തുക്കളുടെ വിതരണം അനുവദിക്കുന്നുണ്ട്. തിരക്കില്ലാതെ ജനങ്ങള്‍ക്ക് തങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കായി ജനങ്ങള്‍ക്ക് ഓട്ടോ ടാക്‌സി സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ്, സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, അസി. കളക്ടര്‍ എം. എസ് മാധവിക്കുട്ടി എന്നിവര്‍ പങ്കെടുത്തു.

pathram desk 2:
Related Post
Leave a Comment