കാസര്‍കോട്: വിലക്ക് ലംഘിച്ച രണ്ടു പ്രവാസികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുമെന്ന് ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബു പറഞ്ഞു. കൊറോണ വ്യാപനത്തിനെതിരെ നടപടികള്‍ കടുപ്പിക്കുകയാണ് കാസര്‍കോട് ജില്ലാ ഭരണകൂടം. വിലക്ക് ലംഘിച്ച രണ്ടു പേരും ഇനി ഗള്‍ഫ് കാണില്ല. വിലക്ക് ലംഘിച്ചാല്‍ ഇതേ നടപടി തുടരുമെന്നും കളക്ടര്‍ മുന്നറിയിപ്പു നല്‍കി.
99.9 ശതമാനം ആളുകളും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നവരാണ്. എന്നാല്‍ .01 ശതമാനം ആളുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പറയുന്നത് അനുസരിക്കില്ലെന്ന് നിര്‍ബന്ധമുള്ളവരാണ്. അവരെ അങ്ങനെ തന്ന കൈകാര്യം ചെയ്യേണ്ടി വന്നു. ഇനി അഭ്യര്‍ഥനകള്‍ ഉണ്ടാകില്ലെന്നും കലക്ടര്‍ ആവര്‍ത്തിച്ചു.
അവശ്യസാധനങ്ങള്‍ ലഭിക്കാന്‍ മുഴുവന്‍ കടകളും നിര്‍ബന്ധമായി തുറക്കണമെന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ബേക്കറികളും തുറക്കണം. എന്നാല്‍ ചായ, കാപ്പി, ജ്യൂസ് തുടങ്ങിയ പാനീയങ്ങള്‍ വില്‍ക്കരുത്. ഒരു തരത്തിലും ഭക്ഷ്യക്ഷാമവും ഉണ്ടാകില്ല. രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെ കടകള്‍ തുറക്കണം. മല്‍സ്യ, മാംസ വില്‍പന അനുവദിക്കുമെന്നും ആളുകൂടിയാല്‍ അടപ്പിക്കുമെന്നും കലക്ടര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കാനായി കാസര്‍കോട്ടെ 10 പ്രധാന പൊലീസ് സ്‌റ്റേഷനുകളുടെ ചുമതല ഡിവൈഎസ്പിമാര്‍ക്ക് നല്‍കിയെന്ന് ജില്ലാ പൊലീസ് മേധാവി പി.എസ് സാബു പറഞ്ഞു. ആളുകള്‍ അവശ്യസാധനങ്ങള്‍ വാങ്ങുമ്പോള്‍ നാലുദിവസത്തേക്ക് വാങ്ങാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അറിയിച്ചു.
Leave a Comment