നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ തിരുവല്ലയെ കൊറോണ ആക്രമിക്കും

കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാനുള്ള തീവ്ര യജ്ഞത്തിലാണ് ആരോഗ്യവകുപ്പും തദ്ദേശ ഭരണ സ്ഥാപനങ്ങളും. എന്നാല്‍ തിരുവല്ലക്കാര്‍ ഇവര്‍ നല്‍കുന്ന മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും അവഗണിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി മാത്യു ടി. തോമസ് എംഎല്‍എയുടെ കുറിപ്പ്. വെള്ളിയാഴ്ച പത്തനംതിട്ട കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്. കേരളത്തില്‍ കോവിഡ് വ്യാപനം ഇനി ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള സ്ഥലം തിരുവല്ലയായിരിക്കുമെന്നാണ് അധികൃതര്‍ വ്യക്മാക്കിയിരിക്കുന്നതെന്നും സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ മാത്യു ടി. തോമസ് ചൂണ്ടിക്കാണിക്കുന്നു.

മാത്യു ടി. തോമസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം….

എന്റെ തിരുവല്ലയ്ക്കായി ഈ പോസ്റ്റ് !

എല്ലാ തിരുവല്ലക്കാരിലേക്കും ഇതിന്റെ സാരാശം എത്തിക്കുവാന്‍ സഹായിക്കണമെന്നു വിനയത്തോടെ അപേക്ഷിക്കട്ടെ!

വെള്ളിയാഴ്ച (20.3.2020) വൈകിട്ട് പത്തനംതിട്ട കലക്ടറേറ്റില്‍ കൊറോണ അവലോകന യോഗം ചേര്‍ന്നിരുന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജുവും എല്ലാ എംഎല്‍എമാരും കലക്ടര്‍, ഡിഎംഒ, സബ് കലക്ടര്‍, ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ ഒക്കെ ഉണ്ടായിരുന്നു.

ഏറെ വിഷമിപ്പിച്ചു, വളരെ ഉത്തരവാദിത്വപെട്ട ഒരു വിലയിരുത്തല്‍. ലോകത്തെല്ലായിടത്തും മൂന്നാമത്തെ ആഴ്ചയിലായിരുന്നു പോലും കൊറോണ സമൂഹ വ്യാപനം നടത്തിയത്. രോഗബാധിതരുടെ എണ്ണം മൂന്നക്കത്തില്‍ നിന്നും നാലക്കമായും അഞ്ചക്കമായും കുത്തനെ ഉയര്‍ന്നത് മൂന്നും നാലും ആഴ്ചകളിലായിരുന്നു. അടുത്ത 2 ആഴ്ച ആ അര്‍ഥത്തില്‍ വളരെ നിര്‍ണായകമാണ്.

ഇത് ശാസ്ത്രം. അറിയുന്നവര്‍ പറഞ്ഞു തന്നാല്‍ അതുള്‍ക്കൊള്ളാനേ നമുക്കാവൂ. എന്നാല്‍, ഇനി ഉണ്ടായേക്കാവുന്ന വ്യാപനം ഏറ്റവും കൂടുതല്‍ ബാധിക്കാനിടയുള്ള ഒരിടം തിരുവല്ലയും ചുറ്റുവട്ടവുമായിരിക്കും എന്ന പരാമര്‍ശം ഏറെ വേദനപ്പിച്ചു. കാരണം പറഞ്ഞത് അതിലും വേദനിപ്പിക്കുന്നത് ആയിരുന്നു. നിര്‍ദേശങ്ങള്‍ തിരുവല്ലക്കാര്‍ പാലിക്കുന്നില്ലത്രേ..!

വിദേശത്തു നിന്നും എത്തുന്ന സ്‌നേഹിതര്‍ വീടിനു പുറത്തു ആളുകളുമായി ഇടപഴകുന്നു എന്നാണ് കണ്ടെത്തല്‍. ഇത് സത്യമാണെങ്കില്‍ നമ്മുക്ക് നാണക്കേടാണ്. ആരോഗ്യ വകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും ചിട്ടയായി പാലിക്കണം. വ്യാപനം ഉണ്ടായാല്‍ അത് നമ്മുടെ അലംഭാവം കൊണ്ടാണെന്നു ആരും നമ്മെ പഴിക്കാന്‍ ഇടയാക്കരുതേ…

പ്രവാസികള്‍ ഏറെയുള്ള നാടാണല്ലോ തിരുവല്ല. ഒട്ടേറെ തിരുവല്ലക്കാരും വിദേശത്തു നിന്നും നാട്ടില്‍ എത്തുന്നുണ്ട് ഇപ്പോള്‍. ഝൗമൃമിശേില ല്‍ കഴിയേണ്ടവര്‍ അങ്ങനെ കഴിയുന്നുണ്ടോ എന്ന് തദ്ദേശ ജനപ്രതിനിധികള്‍ അന്വേഷിച്ചു കൊണ്ടേയിരിക്കണം. വാര്‍ഡ് സാനിറ്റേഷന്‍ കമ്മറ്റികള്‍ സജീവമായി ഇടപെടണം.

പൊതുസമൂഹത്തെ വെല്ലുവിളിക്കുവാന്‍ ആരെങ്കിലും തയാറാവുന്നെങ്കില്‍ കര്‍ക്കശമാവണം. ആരുടെയെങ്കിലും അപ്രിയം സ്വായത്തമായി പോവുമോ എന്നത് അടുത്ത രണ്ടാഴ്ചത്തേക്ക് നമ്മുടെ പരിഗണനാ വിഷയമാവണ്ട. നമ്മുടെ ഉത്തരവാദത്വമായി ജനപ്രതിനിധികള്‍ ഈ നിയോഗം ഏറ്റെടുക്കണം. പ്രയാസങ്ങള്‍ ഉണ്ടാവുന്നെങ്കില്‍ എന്നെയോ സബ് കലക്ടറിനെയോ ബന്ധപ്പെടാന്‍ മടിക്കേണ്ട. ഏവരും സഹകരിച്ചു സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും നമ്മുടെ നാടിനെ സംരക്ഷിക്കാന്‍ നമ്മുക്ക് പോരാടാം.

സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും നിര്‍ദേശിക്കുന്ന എല്ലാ കാര്യങ്ങളും നടപ്പിലാക്കാം. നാടിനു വേണ്ടി നമ്മുക്ക് ഒരുമയോടെ നീങ്ങാം. തിരുവല്ല ആരുടേയും പിന്നിലല്ല എന്ന് തെളിയിച്ചു കൊടുക്കാം.– മാത്യു ടി. തോമസ്.

pathram:
Related Post
Leave a Comment