ഓണ്‍ലൈന്‍ മദ്യവില്‍പന ആവശ്യപ്പെട്ടുള്ള ഹര്‍ജി അരലക്ഷം രൂപ കോടതിച്ചെലവു സഹിതം ഹൈക്കോടതി തള്ളി, നീതിന്യായ സംവിധാനത്തെ പരിഹസിക്കുന്നുവെന്ന് കോടതി

കൊച്ചി: കൊറോണ പശ്ചാത്തലത്തില്‍ ബെവ്‌കോ ഔട്ട്‌ലെറ്റിലെ തിരക്കു കുറയ്ക്കാന്‍ ഓണ്‍ലൈന്‍ മദ്യവില്‍പന ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. അരലക്ഷം രൂപ കോടതിച്ചെലവു സഹിതമാണ് ഹര്‍ജി തള്ളിയത്. രോഗഭീഷണിയെ നേരിടാന്‍ സംസ്ഥാനം പെടാപ്പാടു പെടുന്നതിനിടെ ഇത്തരത്തിലുള്ള ഹര്‍ജി നീതിന്യായ സംവിധാനത്തെ പരിഹസിക്കാനുള്ള ശ്രമമാണെന്നു കോടതി കുറ്റപ്പെടുത്തി.

ഹര്‍ജിയുമായെത്തിയ ആലുവ സ്വദേശി ജി. ജ്യോതിഷ് തുക രണ്ടാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടയ്ക്കാനാണു നിര്‍ദേശം. ബെവ്‌കോ ഔട്ട്‌ലെറ്റിലെ ക്യൂവില്‍ നില്‍ക്കുന്നത് അപകടകരമായതിനാല്‍ മദ്യവില്‍പന ഓണ്‍ലൈന്‍ വഴിയാക്കണമെന്ന നിവേദനത്തില്‍ സമയബന്ധിത തീരുമാനമെടുക്കാന്‍ നിര്‍ദേശിക്കണമെന്നായിരുന്നു ആവശ്യം.

എന്നാല്‍, കോടതികള്‍ പൊതുതാല്‍പര്യത്തില്‍ അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ മാത്രം പരിഗണിക്കുന്നതിനിടെ സഹജീവികളുടെ താല്‍പര്യം തീര്‍ത്തും അവഗണിച്ചുള്ള സ്വാര്‍ഥതാപരമായ പെരുമാറ്റം അപലപനീയമാണെന്നു കോടതി പറഞ്ഞു.

pathram:
Leave a Comment