സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പോരാട്ടം തുടരുമെന്ന് നിര്‍ഭയുടെ അമ്മ

ഡല്‍ഹി: ഏഴുവര്‍ഷത്തെ പോരാട്ടം ഫലം കണ്ടു. രാഷ്ട്രപതിക്കും രാജ്യത്തെ സര്‍ക്കാരുകള്‍ക്കും നീതിപ്ഠത്തിനും നന്ദിയെന്ന് നിര്‍ഭയയുടെ മാതാവ് ആശാദേവി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പോരാട്ടം തുടരുമെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.ഏഴു വര്‍ഷത്തിന് ശേഷം നാലുപ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റിയതിന് പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് ആശാദേവിയുടെ പ്രതികരണം.

ശിക്ഷ വൈകിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും കോടതി ഇല്ലാതാക്കി. ഇപ്പോള്‍ നിര്‍ഭയയുടെ പേരിലാണ് താന്‍ അറിയപ്പെടുന്നത്. മകള്‍ തന്നെവിട്ടുപോയി ഇനി ഒരിക്കലും തിരിച്ചുവരില്ല. പക്ഷേ അവള്‍ക്ക് നീതി ലഭിച്ചിരിക്കുകയാണ്. ഈവിധി രാജ്യത്തെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്. തന്നോടൊപ്പം നിന്ന രാജ്യത്തെ ഒട്ടേറെ സ്ത്രീകളോട് നന്നദി പറയുന്നതായും പറഞ്ഞു. ഈ ദിവസം വനിതകളുടേതെന്നും നിര്‍ഭയയുടെ വിധി ഇനിയാര്‍ക്കും ഉണ്ടാകരുതെന്നും മാതാവ് ആശാദേവി പ്രതികരിച്ചു. വധശിക്ഷ നടപ്പാക്കിയ നേരത്ത് ആശാദേവി മകളുടെ ചിത്രം നെഞ്ചോട് ചേര്‍ത്തുപിടിച്ചുകൊണ്ടാണ് തീഹാര്‍ ജയിലിന് മുന്നില്‍ നിന്നത്.

ഏഴു വര്‍ഷവും മൂന്ന് മാസവും നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ ഇന്ന് പുലര്‍ച്ചെയാണ് നിര്‍ഭയാകേസില്‍ നാലു പ്രതികളുടെയും വധശിക്ഷ തീഹാര്‍ ജയിലില്‍ നടപ്പാക്കിയത്. കൃത്യസമയത്ത് ശിക്ഷ നടപ്പാക്കിയെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. നാലു കുറ്റവാളികളുടെയും വധശിക്ഷ ഒരേ സമയത്താണ് നടപ്പിലാക്കിയത്. പവന്‍കുമാറാണ് ശിക്ഷ നടപ്പാക്കിയ ആരാച്ചാര്‍.

ജയിലിന് മുന്നിലും നിര്‍ഭയയുടെ വീടിന് മുന്നിലും ജനക്കൂട്ടത്തിന്റെ ആഹഌദപ്രകടനം നടന്നു. ആറു മണിക്കേ മൃതദേഹങ്ങള്‍ കഴുമരത്തില്‍ നിന്നും താഴെയിറക്കൂ. ശിക്ഷ നടപ്പാക്കാന്‍ തീഹാര്‍ ജയിലില്‍ വലിയ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. അര്‍ദ്ധസൈനിക വിഭാഗവും പോലീസിനെയും നിയോഗിച്ചിരുന്നു. ഇന്ത്യയിലെ വിചാരണക്കോടതി, ഹൈക്കോടതി, സുപ്രീംകോടതി എന്നിവയില്‍ വിശദമായ വാദം കേട്ട ശേഷമാണ് കേസില്‍ നീതി നടപ്പായത്.

pathram:
Leave a Comment