ന്യൂഡല്‍ഹി : നിസ്സഹായയായ ഒരു പെണ്‍കുട്ടിക്കുമേല്‍ ആറു നരാധമന്മാര്‍ നടത്തിയ കേട്ടുകേള്‍വില്ലാത്ത ക്രൂരതയാണു നിര്‍ഭയക്കേസില്‍ പ്രതികള്‍ക്കു കഴുമരം ഉറപ്പാക്കിയത്. കുടല്‍മാല പോലും പറിച്ച് പുറത്തേക്ക് എറിഞ്ഞ ശേഷമാണ് പ്രതികള്‍ അവളെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. മകള്‍ ആവശ്യപ്പെട്ട ഒരു തുള്ളി വെള്ളം നല്‍കാന്‍ കഴിയാത്തതിന്റെ ദുഃഖം ജീവിതാന്ത്യം വരെ തനിക്കൊപ്പം ഉണ്ടാകുമെന്നു നിര്‍ഭയയുടെ അമ്മ ആശാദേവി പറയുന്നു.
2012 ഡിസംബര്‍ 16– ആ ദിനത്തെ രണ്ടുതരത്തില്‍ ഓര്‍മിക്കാം. അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിനായി തെരുവിലിറങ്ങാന്‍ രാജ്യത്തെ സ്ത്രീകളെ പ്രേരിപ്പിച്ച ദിനം. അല്ലെങ്കില്‍ മനുഷ്യജീവനു താങ്ങാവുന്നതിന് അപ്പറും ഒരു പെണ്‍കുട്ടി അനുഭവിച്ച വേദനയുടെ നടുക്കുന്ന ഓര്‍മകള്‍ പേറുന്ന ദിനം. ഓടിക്കൊണ്ടിരുന്ന ബസിലാണു നിര്‍ഭയ പീഡനത്തിനിരയായത്. പീഡനത്തിനിടയ്ക്കു സ്വകാര്യഭാഗത്തിലൂടെ ഇരുമ്പുദണ്ഡ് കുത്തിയിറക്കിയ കുറ്റവാളികള്‍ കുടല്‍മാല പുറത്തെടുത്തു.
ആ യുവതിയുടെ ജനനേന്ദ്രിയം പൂര്‍ണമായി തകര്‍ന്നിരുന്നു. നടുറോഡില്‍ ചോരയില്‍ കുളിച്ചുകിടന്ന അവളെ കണ്ട ആദ്യ ദൃക്‌സാക്ഷിയുടെ വിവരണം ഭീകരമായിരുന്നു. പ്രസവിച്ചുവീണ കിടാവിന്റെ അവസ്ഥയിലായിരുന്നത്രെ അവള്‍. പതിമൂന്ന് ദിവസത്തെ ആശുപത്രിവാസത്തിനിടെ അവള്‍ ആവശ്യപ്പെട്ടത് ഒരു തുള്ളി വെള്ളം മാത്രമാണ്. അതു നല്‍കാന്‍ തനിക്കു കഴിഞ്ഞില്ലെന്നു നിര്‍ഭയയുടെ ഘാതകരെ തൂക്കിലേറ്റിയതിനു ശേഷവും നിര്‍ഭയയുടെ അമ്മ പറഞ്ഞു.
ഇത്രയും ക്രൂരതയാണു കേസിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമാക്കിയതും പ്രതികള്‍ക്കു വധശിക്ഷ ഉറപ്പാക്കിയതും. വേദനകളെ കടിച്ചമര്‍ത്തി നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായി മാറിയ നിര്‍ഭയ, ഇന്ന് അന്തസ്സോടെ ജീവിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് അവകാശമുണ്ടെന്നു നിരന്തരം സമൂഹത്തെ ഓര്‍മിപ്പിക്കുന്ന പ്രതീകമാണെന്നു നിര്‍ഭയയുടെ മാതാപിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.
Leave a Comment