കൊറോണ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ; എപിഎല്‍ ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരുമാസത്തെ ഭക്ഷ്യധ്യാനം സൗജന്യമായി നല്‍കും

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്.
കുടുംബശ്രീ വഴി വരുന്ന രണ്ടു മാസങ്ങളില്‍ 200കോടി രൂപയുടെ വായ്പ ലഭ്യമാക്കും. ഏപ്രില്‍, മെയ് മാസങ്ങളില്‍ 1000കോടി രൂപ വീതമുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. രണ്ടുമാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഈ മാസം തന്നെ കൊടുക്കും. 1320കോടിയാണ് ഇതിന് വേണ്ടി മാറ്റിവച്ചിരിക്കുന്നത്.

സംസ്ഥാനത്താകെ എപിഎല്‍ ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരുമാസത്തെ ഭക്ഷ്യധ്യാനം നല്‍കും. ഇതിന് 100കോടി രൂപ വേണ്ടിവരും. നേരത്തെ പ്രഖ്യാപിച്ച ഭക്ഷണ ശാലകള്‍ ഏപ്രിലില്‍ തന്നെ ആരംഭിക്കും. 1000ഭക്ഷണ ശാലകളില്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 20 രൂപയ്ക്ക് ഭക്ഷണം നല്‍കും. 50കോടി ഇതിനുവേണ്ടി മാറ്റിവയ്ക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഹെല്‍ത്ത് പാക്കേജിന് 500കോടി രൂപ വകയിരുത്തും. വിവിധ മേഖലയിലുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൊടുത്തു തീര്‍ക്കാനുള്ള 10,000കോടി രൂപ കുടിശ്ശിക കൊടുത്തു തീര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രഖ്യാപനങ്ങള്‍ താഴെ

കുടുംബശ്രീ വഴി ഏപ്രില്‍മെയ് മാസങ്ങളില്‍ 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. കുടുംബങ്ങള്‍ക്കാണ് വായ്പ ലഭ്യാവുക
ഏപ്രില്‍, മെയ് മാസങ്ങളില്‍ 1000 കോടി രൂപ വീതമുളള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കും.
ഏപ്രിലില്‍ നല്‍കേണ്ട സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൂടി ഈ മാസം നല്‍കും. (1320 കോടി). 50 ലക്ഷത്തില്‍പ്പരം ആളുകള്‍ക്ക് സാമൂഹികസുരക്ഷ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്.
സാമൂഹിക സുരക്ഷ പെന്‍ഷന്‍ വാങ്ങാത്ത ബി.പി.എല്‍, അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് 1000 രൂപ വീതംനല്‍കും. 100 കോടി ഇതിനായി വിനിയോഗിക്കും.
എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ 10 കിലോ എന്ന നിരക്കില്‍ എല്ലാവര്‍ക്കും ഒരുമാസത്തെ ഭക്ഷ്യധാന്യം നല്‍കും. 100 കോടി രൂപ ഇതിനായി വകയിരുത്തും.
20 രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന 1000 ഭക്ഷണശാലകള്‍ ഏപ്രില്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. 50 കോടി രൂപ ഇതിനായി ചെലവഴിക്കും.
ഹെല്‍ത്ത് പാക്കേജുകള്‍ക്കായി 500 കോടി രൂപ വിലയിരുത്തും.
14000 കോടി രൂപ കുടിശ്ശികകള്‍ കൊടുത്തുതീര്‍ക്കാനായി ചെലവഴിക്കും.

ഓട്ടോറിക്ഷ, ടാക്‌സി ഉടമകള്‍ക്ക് ഈ ഘട്ടത്തില്‍ നല്‍കേണ്ട ഫിറ്റ്‌നസ് ചാര്‍ജ് ഇളവ് നല്‍കും. ബസുകള്‍ക്ക് ടാക്‌സില്‍ ഇളവ്. സ്‌റ്റേജ് കാര്യേജുകള്‍ക്ക് മൂന്നു മാസത്തെ ടാക്‌സില്‍ ഒരു മാസത്തെ ഇളവ്. കോണ്‍ട്രാക്ട് കാര്യേജുകള്‍ക്കും തത്തുല്യമായ ഇളവ് നല്‍കും. മൊത്തം 23.60 കോടിയുടെ ഇളവ്

വൈദ്യുതി, വാട്ടര്‍ ബില്ലുകള്‍ അടയ്ക്കാന്‍ ഒരു മാസത്തെ സാവകാശം. തിയറ്ററുകള്‍ക്ക് എന്റര്‍ടെയിന്‍മെന്റ് ടാക്‌സില്‍ ഇളവ് നല്‍കും.

കോവിഡിന്റെ വ്യാപന സാധ്യത തള്ളിക്കളയാനാവില്ല. അതുകൊണ്ട് കൊറോണ വ്യാപനമുണ്ടായാല്‍ നേരിടാന്‍ പ്രതിരോധ സേന സഹായം വാഗ്ദാനം ചെയ്തുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആവശ്യമെങ്കില്‍ സൈനിക ആശുപത്രി സഹായം ലഭിക്കും. ബാരക്കുകളെ കോവിഡ് കെയര്‍ സെന്ററുകള്‍ ആക്കിമാറ്റും.

പരീക്ഷ നടക്കുന്നതിലെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. പരീക്ഷ നിര്‍ത്തി വയ്‌ക്കേണ്ട സ്ഥിതിയില്ല. ശാരീരിക അകലം, സാമൂഹ്യ ഒരുമ എന്നതാവട്ടെ ഇപ്പോഴത്തെ മുദ്രാവാക്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

pathram:
Leave a Comment