നിര്‍ഭയക്കേസ് : നാലു പേരെ ഒരുമിച്ചു തൂക്കിലേറ്റും, ഡമ്മി പരീക്ഷിച്ച് തിഹാര്‍ ജയില്‍ അധികൃതര്‍

ഡല്‍ഹി: നിര്‍ഭയക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി ഡമ്മി പരീക്ഷിച്ച് തിഹാര്‍ ജയില്‍ അധികൃതര്‍. വധശിക്ഷ നടപ്പാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളുടെ ഭാഗമായാണ് ഡമ്മി പരീക്ഷണം നടന്നത്. മീററ്റ് സ്വദേശിയായ ആരാച്ചാര്‍ പവന്‍ ജല്ലാദാണ് ഡമ്മി പരീക്ഷിച്ചത്. മുന്‍പ് ഒരേസമയം ഒരാളെ തൂക്കിലേറ്റാനുള്ള കഴുമരം മാത്രമാണ് തിഹാര്‍ ജയിലില്‍ ഉണ്ടായിരുന്നത്. എന്നാല്‍ നിര്‍ഭയ കേസ് പ്രതികള്‍ക്കുവേണ്ടി ഒരേസമയം നാലു പേരെ ഒരുമിച്ചു തൂക്കിലേറ്റുന്നതിന് കഴിഞ്ഞ ദിവസം പ്രത്യേക കഴുമരമൊരുക്കി.

പ്രതികളുടെ തൂക്കത്തിന്റെ ഇരട്ടി ഭാരമുള്ള മണല്‍ചാക്കുകള്‍ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. കയറിന്റെയും കഴുമരത്തിന്റെയും ബലം പരിശോധിക്കുന്നതിനാണ് പരീക്ഷണം നടത്തിയത്. പൊതുമരാമത്ത് വിഭാഗം എന്‍ജിനീയര്‍മാരുടെ സാന്നിധ്യത്തിലായിരുന്നു ഡമ്മി പരീക്ഷണം. കഴുമരവും സംവിധാനങ്ങളും ഇവര്‍ പരിശോധിച്ചു. ഇതോടെ വധശിക്ഷയുമായി ബന്ധപ്പെട്ട അവസാന വട്ട തയാറെടുപ്പുകളും പൂര്‍ത്തിയായി.

നേരത്തെ ഡല്‍ഹി പൊലീസിന്റെ സുരക്ഷയിലാണ് പവന്‍ ജല്ലാദിനെ മീററ്റില്‍ നിന്ന് തിഹാര്‍ ജയിലില്‍ എത്തിച്ചത്. പവന്‍ ജല്ലാദിന് ജയിലിനുള്ളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് ഔദ്യോഗികമായി റജിസ്റ്റര്‍ ചെയ്തിരിക്കുന്ന ചുരുക്കം ആരാച്ചാരുമാരില്‍ ഒരാളാണ് പവന്‍ ജല്ലാദ്.

പ്രതികളായ മുകേഷ്, പവന്‍, വിനയ് എന്നിവര്‍ ബന്ധുക്കളുമായി അവസാന കൂടിക്കാഴ്ച നടത്തി. അക്ഷയ്കുമാറിന്റെ ബന്ധുക്കള്‍ ഇന്നെത്തുമെന്നാണു സൂചന. 4 പ്രതികളുടെയും ബ്രയിന്‍ മാപ്പിങ് ഉള്‍പ്പെടെയുള്ള വൈദ്യ പരിശോധനയും ഏതാനും ദിവസങ്ങളായി നടക്കുന്നുണ്ട്. പ്രതികളുടെ ആശങ്കയും മാനസിക സംഘര്‍ഷവും മറ്റും പരിശോധിക്കുന്നുണ്ട്.

സ്വയം മുറിവേല്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള സാഹരചര്യങ്ങള്‍ തടയാന്‍ തിങ്കളാഴ്ച മുതല്‍ സെല്‍ മുറിക്കു പുറത്ത് കൂടുതല്‍സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നീ പ്രതികളുടെ വധശിക്ഷ വെള്ളിയാഴ്ച രാവിലെ 5.30നു നടപ്പാക്കാനാണു കോടതിയുടെ വാറന്റ്‌.

pathram:
Related Post
Leave a Comment