കോട്ടയം: കന്യാസ്ത്രീയെ പീഢിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണം. കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹര്‍ജി കോട്ടയം അഡീഷണല്‍ സെക്ഷന്‍സ് ജില്ലാ കോടതി തള്ളി. ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞു. കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
തനിക്കെതിരേ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ഫ്രാങ്കോയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ കൃത്യമായ തെളിവുകളുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസറ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയത്.
വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യവും ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വാദം കേള്‍ക്കേണ്ട ആവശ്യമുണ്ടെന്ന് അറിയിച്ച കോടതി മാര്‍ച്ച് 24ന് ഈ വിഷയത്തില്‍ വാദം കേള്‍ക്കാമെന്നും വ്യക്തമാക്കി. അതേസമയം വിടുതല്‍ ഹര്‍ജി തള്ളിയ നടപടിയെ ചോദ്യംചെയ്ത് ബിഷപ്പ് മേല്‍ക്കോടതിയെ സമീപിച്ചേക്കും.
Leave a Comment