‘കേരള ഈസ് ഓസം…സര്‍ക്കാറിന് കൈയടിച്ച് അമേരിക്കന്‍ യൂട്യൂബര്‍ നിക്കോ

കോഴിക്കോട്: ‘കേരള ഈസ് ഓസം…’ പറയുന്നത് മാസങ്ങള്‍ക്കു മുന്നെ കേരളത്തിലെ ജനങ്ങളുടെ മാലിന്യം വലിച്ചെറിയുന്ന സംസ്‌കാരത്തിനെതിരേ പൊട്ടിത്തെറിച്ച അതേ നിക്കൊളായ്, തന്നെ. അമേരിക്കന്‍ യൂട്യൂബറും സഞ്ചാരിയുമായ നിക്കൊളായ് ടി. ജൂനിയര്‍. തന്റെ പുതിയ വീഡിയോയില്‍ കേരളസര്‍ക്കാരിന്റെ കൊറോണപ്രതിരോധപ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയാണ്.

കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് വീഡിയോ പകര്‍ത്തി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്താണ് നിക്കൊളായ് എന്ന നിക്കൊ തന്റെ പ്രശംസയറിയിച്ചത്.

കോഴിക്കോട് കടപ്പുറം, മാവൂര്‍ റോഡ്, ജയില്‍ റോഡ് തുടങ്ങി നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളിലൂടെയാണ് നിക്കൊ സഞ്ചരിച്ചത്. പൊതുവേ തിരക്കുനിറഞ്ഞ പ്രദേശങ്ങള്‍ കൊറോണഭീതിയെത്തുടര്‍ന്ന് ഒഴിഞ്ഞിരിക്കുന്ന കാഴ്ച വീഡിയോയിലുണ്ട്. ഇതുകണ്ട് കേരളത്തിലെ ആളുകള്‍ തികഞ്ഞ ജാഗ്രതയുള്ളവരാണെന്ന് നിക്കൊ അഭിപ്രായപ്പെടുന്നു. കോഴിക്കോട് ബീച്ചിലെ നിയന്ത്രണങ്ങളുടെ ഭാഗമായി അവിടെയെത്തുന്ന ആളുകളെ പോലീസ് തിരിച്ചയക്കുന്നതുകണ്ട് സര്‍ക്കാരിന്റെ നിയന്ത്രണനടപടികളെയും നിക്കൊ പ്രശംസിക്കുന്നു.

സഞ്ചാരിയായ നിക്കൊ രണ്ടാംതവണയാണ് കേരളത്തിലെത്തുന്നത്. കഴിഞ്ഞതവണത്തെ സന്ദര്‍ശനത്തിലാണ് വയനാട് ചുരത്തിനുസമീപം ആളുകള്‍ മാലിന്യം വലിച്ചെറിയുന്നതിന്റെ വീഡിയോ നിക്കൊ പകര്‍ത്തിയത്. ഇത് സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

pathram:
Related Post
Leave a Comment