കൊറോണ; ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്ന് നാട്ടില്‍ പറഞ്ഞു കേട്ടിരുന്നു ഇവിടെ അത് യാത്ര മുടക്കാന്‍ വരെ കരുത്തുള്ളേരഖയാണ്.. ഞങ്ങളും നാട്ടുകാരാണ്

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്ന് നാട്ടില്‍ പറഞ്ഞു കേട്ടിരുന്നു. ഇവിടെ അത് യാത്ര മുടക്കാന്‍ വരെ കരുത്തുള്ളേരഖയാണ് എന്നു പറയുന്നതില്‍ സങ്കടമുണ്ട്. ഇറ്റലിയിലെ വിമാനത്താവളങ്ങളില്‍നിന്ന് പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പാസ്‌പോര്‍ട്ട് കാണിച്ച് അവരുടെ രാജ്യത്തേക്കു പുറപ്പെടുന്നത് നോക്കിനില്‍ക്കാന്‍ മാത്രമേ ഞങ്ങള്‍ക്കു കഴിയുന്നുള്ളൂ. റോം എയര്‍പോര്‍ട്ടിലെ വരിയില്‍നിന്ന്, തൊട്ടുമുന്‍പിലും പിന്നിലുമുള്ള മറ്റു രാജ്യക്കാര്‍ മുന്നോട്ടുപോകുമ്പോള്‍, നമ്മുടെ സര്‍ക്കാരിന്റെ യാത്രാവിലക്ക് ചൂണ്ടിക്കാട്ടി അവര്‍ ഇന്ത്യക്കാരെ തിരിച്ചയയ്ക്കുകയാണ്.

കോവിഡ് ബാധയില്ലെന്ന് ഇറ്റലിയിലെ അംഗീകൃതസ്ഥാപനത്തില്‍ നിന്ന് സാക്ഷ്യപത്രം വാങ്ങാനാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇറ്റലിയില്‍ വന്ന് 3 മാസം കഴിഞ്ഞവര്‍ക്കാണ് ഇവിടത്തെ തിരിച്ചറിയല്‍– താമസരേഖ ലഭിക്കുക. അതുമായേ ആശുപത്രിയില്‍ പോകാനും സാക്ഷ്യപത്രം വാങ്ങാനും കഴിയൂ. ഇവിടുത്തെ എംബസിയിലേക്ക് ഒരു ഫോണ്‍കോള്‍ മതി, ഡല്‍ഹിയിലിരിക്കുന്നവര്‍ക്ക് കാര്യങ്ങളറിയാന്‍. സമയം അതിവേഗം കടന്നുപോവുകയാണ്.

തലേന്നു കിടന്നുറങ്ങുമ്പോള്‍ ഞങ്ങള്‍ താമസിക്കുന്ന ലാസിയോ റീജനില്‍ അപകട സൂചന ഉണ്ടായിരുന്നില്ല. രാവിലെ ‘റെഡ് സോണ്‍’ ആയി മാറി. ഓരോ നിമിഷവും കാര്യങ്ങള്‍ മാറിമറിയുകയാണ്. കൂടുതല്‍ പ്രദേശങ്ങളില്‍ വിലക്കു പ്രഖ്യാപിക്കുന്നു. റോമിലും മിലാനിലുമൊക്കെ ഇപ്പോള്‍ വിമാനത്താവളം തുറന്നിരിക്കുകയാണ്. എപ്പോള്‍ അടയ്ക്കുമെന്ന് ഒരു ധാരണയുമില്ല. നാട്ടില്‍ തിരിച്ചെത്തി, ആരോഗ്യവകുപ്പ് പറയുന്ന ഏതു മുന്നൊരുക്കവും പരിശോധനയും നിരീക്ഷണവും നടത്താന്‍ ഞങ്ങളെല്ലാം തയാറാണ്. ഗര്‍ഭിണികളും കൊച്ചുകുട്ടികളും അസുഖങ്ങളുള്ളവരും വിദ്യാര്‍ഥികളുമൊക്കെ വിമാനത്താവളത്തിലാണ്. ഞങ്ങള്‍ ഏതാനും പേര്‍ താമസസ്ഥലത്തേക്കു തിരിച്ചുപോന്നു.

pathram:
Leave a Comment