കൊറോണ: കേന്ദ്ര സമീപനം അപരിഷ്‌കൃതമാണ് , സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണം മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യന്‍ പൗരന്‍ രോഗി ആയിപ്പോയെന്ന് വച്ച് ഇങ്ങോട്ട് വരാന്‍ പാടില്ലെന്നു പറയാമോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് കെ.വി.അബ്ദുള്‍ ഖാദറിന്റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ രാജ്യത്തെ പൗരന്‍മാര്‍ ഇങ്ങോട്ടു വരാന്‍ പാടില്ല എന്ന കേന്ദ്രസമീപനം അപരിഷ്‌കൃതമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇതുമായി ബന്ധപ്പെട്ട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഈ പ്രശ്‌നം സംബന്ധിച്ച് നിയമസഭ പ്രമേയം അവതരിപ്പിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് പ്രവാസികള്‍ നിരവധി പ്രയാസങ്ങള്‍ നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയതുകാരണം ഗള്‍ഫ് രാജ്യങ്ങളിലേക്ക് അവധി കഴിഞ്ഞ് തിരികെ പോകേണ്ടവരുടെയും പുതുതായി തൊഴില്‍വിസ ലഭിച്ച് പോകേണ്ടവരുടെയും തൊഴില്‍ നഷ്ടപ്പെടാതെ കാലാവധി നീട്ടി ലഭിക്കേണ്ടതുണ്ട്. രാജ്യാന്തരതലത്തില്‍ തന്നെ ഇതൊരു പ്രധാന പ്രശ്‌നമായതിനാല്‍ പല രാജ്യങ്ങളും വിദേശയാത്രയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഇന്ത്യയടക്കം 10 രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് പിസിആര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് കുവൈറ്റ് സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. യാത്രാ വിലക്കുകള്‍ കാരണം പ്രവാസികളുടെ ഇപ്പോഴുള്ള ജോലി നഷ്ടപ്പെടാതിരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കാണിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

pathram:
Related Post
Leave a Comment