കൊറോണ ജില്ലയില്‍ പുതിയ കേസൊന്നും റിപ്പോര്‍ട്ട് ചെയ്യ്തിട്ടില്ല; 12 സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് ലഭ്യമാകും, നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി

പത്തനംതിട്ട: കൊറോണ രോഗലക്ഷണമുള്ള ജില്ലയലെ 12 സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് ലഭ്യമാകുമെന്ന് ജില്ലാ കളക്ടര്‍ പി. ബി. നൂഹ്. ജില്ലയില്‍ പുതിയ കൊറോണ വൈറസ് ബാധയൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കളക്ടര്‍ അറിയിച്ചു. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ പോലീസ് നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട ജില്ലയില്‍ 900 ആളുകളാണ് ഇപ്പോള്‍ വീടുകളില്‍ നീരീക്ഷണത്തില്‍ കഴിയുന്നത്. 28 ആളുകള്‍ ആശുപത്രികളിലുമുണ്ട്. ഇതില്‍ രോഗബാധ സ്ഥിരീകരിച്ചത് ഏഴ് കേസുകള്‍ മാത്രമാണ്. രോഗബാധിതരുമായി ഇത്രയധികം ആളുകള്‍ ഇടപഴകിയിട്ടുള്ളതുകൊണ്ട് രോഗബാധ സംശയിക്കുന്നവരില്‍ കുറച്ച് ആളുകള്‍ക്കൂടി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചേക്കാം എന്നാണ് കരുതുന്നത്. അങ്ങനെയുള്ളവരെ ഐസൊലേഷനില്‍ പാര്‍പ്പിക്കാനുള്ള സൗകര്യം ഇപ്പോള്‍ തയ്യാറാണ്.

ജില്ലയില്‍ ഇനി പരിശോധനാ ഫലം വരാനുള്ളത് 24 സാമ്പിളുകളുടേതാണ്. ഇതില്‍ 12 പേരുടെ ഫലം ഇന്ന് വരും. ബാക്കി നാളെയായിരിക്കും ലഭിക്കുക. രോഗികള്‍ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടതിനെ തുടര്‍ന്ന് 30ഓളം പേര്‍ ചൊവ്വാഴ്ച രാത്രിയില്‍ ബന്ധപ്പെട്ടിരുന്നു. ഇന്ന് വലിയ തോതില്‍ ഫോണ്‍കോളുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരില്‍ മനപ്പൂര്‍വം പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വൈറസ് ബാധ സംശയിച്ച് വീട്ടില്‍ കഴിയുന്നവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടിക പോലീസിന് കൈമാറിയിട്ടുമുണ്ട്. ഇന്നു രാവിലെ മുതല്‍ ഇക്കാര്യത്തില്‍ പോലീസിന്റെ നടപടി ഉണ്ടാകും. അവര്‍ വീട്ടില്‍ത്തന്നെ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തും. വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചുനല്‍കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നും കളക്ടര്‍ പറഞ്ഞു.

pathram:
Related Post
Leave a Comment