ഭീകരസംഘടന ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുള്ള ദമ്പതികൾ ഡൽഹി പൊലീസ് കസ്റ്റഡിയിൽ. കശ്മീർ സ്വദേശികളായ ജഹാൻജെബ് സമി, ഭാര്യ ഹിന ബഷീർ ബീഗ് എന്നിവരെയാണു കസ്റ്റഡിയിൽ എടുത്തത്. ഇവർ ഡൽഹിയിൽ ചാവേറാക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി പൊലീസ് അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ ഖൊറോസാൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ഐഎസ് യൂണിറ്റിലെ മുതിർന്ന അംഗങ്ങളുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാവിലെ ജാമിയ മില്ലിയ സർവകലാശാല സ്ഥിതി ചെയ്യുന്ന ഡൽഹിയിലെ ജാമിയ നഗറിൽ നിന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗര റജിസ്റ്റർ എന്നിവയ്ക്കെതിരെ രാജ്യത്തു നടക്കുന്ന പ്രതിഷേധങ്ങൾ മുതലെടുത്തു രാജ്യതലസ്ഥാനത്ത് ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നു പൊലീസ് പറഞ്ഞു. ഷഹീൻ ബാഗിനു ശേഷം സിഎഎയ്ക്കെതിരെ ഏറ്റവും അധികം പ്രതിഷേധങ്ങൾ അരങ്ങേറിയത് ജാമിയയിൽ ആയിരുന്നു.
ജഹാൻജെബ് സാമി സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണെന്നു പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പൗരത്വ നിയമത്തിനും പൗര റജിസ്റ്ററിനും എതിരായ പ്രക്ഷോഭങ്ങൾക്കു പിന്തുണ സമാഹരിക്കുന്നതിനു വേണ്ടി ദമ്പതികൾ സമൂഹമാധ്യമത്തിൽ ഗ്രൂപ്പ് നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമവിരുദ്ധ സമരക്കാരും പൗരത്വ നിയമാനുകൂലികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 53 പേർ മരിച്ചിരുന്നു.
Leave a Comment