ഡൽഹി കലാപത്തിന്റെ തുടക്കത്തിൽ പൊലീസിന് നേരെ തോക്ക് ചൂണ്ടി വാർത്തകളിൽ ഇടം നേടിയ
ഡൽഹി സ്വദേശിയായ യുവാവ് ഷാരൂഖ് ‘പബ്ജി’ വീഡിയോ ഗെയിമിന് അടിമയായിരുന്നു. ഷാരൂഖ് ടിക് ടോക് താരവും ആയിരുന്നു. ബിരുദ വിദ്യാർത്ഥിയായിരുന്ന ഷാരൂഖ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. രണ്ടാം വർഷമായപ്പോൾ മോഡലിംഗിലേക്ക് തിരിയുകയായിരുന്നു.
ഫാഷൻ മാഗസിൻ കവർ ചിത്രമാകാൻ ഷാരൂഖ് ആഗ്രഹിച്ചിരുന്നു. മോഡലിംഗ് മേഖലയിൽ തിളങ്ങുന്നതിന് ജിംനേഷ്യത്തിൽ പോയിരുന്നു. മ്യൂസിക് വീഡിയോ സ്റ്റാർ ആകാൻ ഷാരൂഖ് ആഗ്രഹിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതായി ഷാരൂഖ് സമ്മതിച്ചു. എന്നാൽ തോക്ക് കൊണ്ടുപോയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമായല്ലെന്നും ഷാരൂഖ് ചോദ്യം ചെയ്യലിൽ പൊലീസിനോട് വെളിപ്പെടുത്തി.
പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോയ സഹോദരിയെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ഷാരൂഖ്
കലാപബാധിത മേഖലയിൽ എത്തിയതെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞതായി ‘ദി പ്രിന്റ്’ റിപ്പോർട്ട് ചെയ്തു. പ്രതിഷേധം രൂക്ഷമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഷാരൂഖ് അവിടേയ്ക്ക് പുറപ്പെട്ടത്. അതുകൊണ്ടാകാം തോക്ക് കരുതിയതെന്നും നാട്ടുകാർ പറയുന്നു.
ഷാരൂഖ് ‘പബ്ജി’ സ്ഥിരം കളിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു. എന്നാൽ ജിമ്മിൽ പോകുമ്പോൾ പബ്ജി കളിച്ചിരുന്നില്ല. ഷാരൂഖിന്റെ സുഹൃത്തുക്കളിൽ അധികവും ഗുജ്ജാറുകളാണ്. ഷാരൂഖിനെതിരെ പൊലീസ് കേസുകൾ നിലവിലുള്ളതായി അറിവില്ലെന്നും നാട്ടുകാർ പറയുന്നു.
ഷാരൂഖിന്റെ അച്ഛന്റേയും അമ്മയുടേയും പ്രണയ വിവാഹമായിരുന്നു. സിഖ് മത വിശ്വാസിയായിരുന്നു അച്ഛൻ. അമ്മ മുസ്ലീമും. വിവാഹം കഴിക്കുന്നതിന് വേണ്ടി അച്ഛൻ മതം മാറിയിരുന്നു. ഇദ്ദേഹത്തിനെതിരെ പൊലീസിൽ കേസുണ്ട്. മയക്കു മരുന്നും കള്ളനോട്ടും കടത്തിയതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ഷാരൂഖിന്റെ പിതാവിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അച്ഛൻ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു പൊലീസിന് നേരെ ഷാരൂഖ് തോക്കുചൂണ്ടിയ സംഭവം ഉണ്ടായത്.
Leave a Comment