ജെസിബി കൊണ്ട് ഭൂവുടമയെ അടിച്ചുകൊന്ന സംഭവം; ഒരാള്‍ കീഴടങ്ങി

തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യംചെയ്ത ഭൂവുടമയെ ജെസിബി യന്ത്രം കൊണ്ട് അടിച്ചുകൊന്ന കേസില്‍ ഡ്രൈവര്‍ പോലീസിന് മുന്നില്‍ കീഴടങ്ങി. സംഭവശേഷം ഒളിവില്‍ പോയ പ്രതികളിലൊരാളായ വിജിന്‍ വെള്ളിയാഴ്ച രാവിലെയോടെയാണ് കീഴടങ്ങിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കാട്ടാക്കട അമ്പലത്തിന്‍കാല സ്വദേശിയായ സംഗീതിനെ വിജിന്‍ അടങ്ങിയ ഗുണ്ടാസംഘം ക്രൂരമായി കൊലപ്പെടുത്തിയത്. ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രതികള്‍ സംഗീതിന്റെ പറമ്പില്‍ മണ്ണെടുക്കാനെത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നീങ്ങിയത്. നേരത്തെ അനുമതിയോടെ സംഗീതിന്റെ ഭൂമിയില്‍ മണ്ണെടുത്തിരുന്നു. ഇതിന്റെ മറവില്‍ അനുമതിയില്ലാതെ മണ്ണെടുക്കാനെത്തിയ മറ്റൊരു സംഘമാണ് അക്രമം നടത്തിയത്.

മണ്ണെടുക്കാനെത്തിയ സംഘത്തെ സംഗീത് തടഞ്ഞതോടെ ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് സംഗീതിനെ അടിച്ചുകൊല്ലുകയായിരുന്നു. നാല് പ്രതികളാണ് സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ ഒളിവില്‍ പോയ മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

അക്രമി സംഘത്തെ തിരിച്ചറിയാമെന്നും ഉത്തമന്‍, സജു എന്നിവര്‍ ഈ സംഘത്തിലുണ്ടായിരുന്നെന്നും നേരത്തെ സംഗീതിന്റെ ഭാര്യ സംഗീത പോലിസിന് മൊഴി നല്‍കിയിരുന്നു. സംഭവസമയം തന്നെ പോലീസിനെ വിവരമറിയിച്ചിരുന്നെന്നും എന്നാല്‍ അക്രമികള്‍ രക്ഷപ്പെട്ട ശേഷമാണ് പോലീസ് സ്ഥലത്തെത്തിയതെന്നും ഭാര്യ പറഞ്ഞു.

pathram:
Leave a Comment