കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്രം

മോട്ടോര്‍ വാഹന പിഴത്തുകയില്‍ കുറവു വരുത്തിക്കൊണ്ടുള്ള കേരളത്തിന്റെ നടപടി ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ ശരിവെച്ചു. നടപടി അംഗീകരിച്ചതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി ഒരു പിഴത്തുക നിശ്ചയിക്കുമ്പോള്‍ അതില്‍ ഒരു സംസ്ഥാനം മാത്രം പിഴത്തുക കുറച്ചത് അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ഇക്കാര്യത്തില്‍ സംസ്ഥാനത്തിനുള്ള പ്രയാസം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിക്ക് കത്തയച്ചത്. എന്തായാലും കേരളത്തിന്റെ ആവശ്യത്തിന്അനുകൂല മറുപടിക്കത്താണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

നിലവില്‍ സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാത്തതിന് ഈടാക്കുന്ന പിഴത്തുക പകുതിയാക്കി കുറച്ചിട്ടുണ്ട്. ആയിരത്തില്‍ നിന്നും 500 രൂപയാക്കിയാണ് പിഴത്തുക കുറച്ചത്. അമിത വേഗത്തിനുള്ള ആദ്യ നിയമ ലംഘനത്തിന് 1500 രൂപയും വീണ്ടും ആവര്‍ത്തിച്ചാല്‍ 3000 രൂപയും പിഴ ഈടാക്കാനായിരുന്നു തീരുമാനം. വാഹനത്തില്‍ അമിത ഭാരം കയറ്റിയാലുള്ള പിഴ 20000 രൂപയില്‍ നിന്നും 10000 ആക്കി കുറച്ചു. എന്നാല്‍ മദ്യപിച്ച് വാഹനമോടിക്കല്‍, വാഹനം ഓടിക്കുന്നതിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നീ കുറ്റങ്ങള്‍ക്കുള്ള പിഴത്തുക കുറച്ചിട്ടില്ല.

പിഴത്തുക ഉയര്‍ത്തിക്കൊണ്ടുള്ള പുതുക്കിയ മോട്ടോര്‍ വാഹന നിയമത്തില്‍ നിര്‍ദേശിക്കുന്ന പിഴയെക്കാള്‍ കുറഞ്ഞ തുക ഈടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാമില്ലെന്നായിരുന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നത്. ഇതോടൊപ്പം നിയമം നടപ്പാക്കാനായി സംസ്ഥാനങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധിക്കും എന്ന മുന്നറിയിപ്പും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ പ്രതിഷേധം ശക്തമായതോടെ വാഹന പരിശോധന തന്നെ നിര്‍ത്തിവെച്ചിരുന്നു. ഇതോടെയാന് മോട്ടോര്‍ വാഹന പിഴയിലെ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

pathram:
Related Post
Leave a Comment