രക്ഷാപ്രവര്‍ത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് കാൻസർ വർധിക്കുന്നു; വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം നടന്നിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോൾ കാരണം വെളിപ്പെടുത്തി ഞെട്ടിക്കുന്ന പുതിയ പഠന റിപ്പോർട്ട്

വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം നടന്നിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി JNCI കാന്‍സര്‍ സ്പെക്ട്രം. 9/11 ഭീകരാക്രമണത്തിനു ശേഷം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആളുകള്‍ക്കിടയില്‍ കാന്‍സര്‍ നിരക്ക് കുത്തനെ കൂടുന്നു എന്നാണു റിപ്പോര്‍ട്ട്‌.

2001 സെപ്റ്റംബര്‍ പതിനൊന്നിനാണ് വേള്‍ഡ് ട്രേഡ് സെന്റർ ആക്രമിക്കപ്പെട്ടത്. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തിനു ശേഷം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കും മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ പ്രവര്‍ത്തിച്ചവര്‍ക്കും ആണ് കാന്‍സര്‍ നിരക്ക് വര്‍ധിച്ചതായി റിപ്പോര്‍ട്ട്‌. ഇവരില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ലുക്കീമിയ ആണെന്നാണ്‌ റിപ്പോര്‍ട്ട്‌. തൈറോയ്ഡ്, പ്രോസ്റ്റേറ്റ് കാന്‍സര്‍ കേസുകളും നിരവധിയാണ്.

50,000 ത്തോളം ആളുകള്‍ ആണ് അന്ന് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതെന്നാണ് കണക്ക്. കെട്ടിടം തകര്‍ന്നപ്പോള്‍ ഉണ്ടായ പൊടിപടലങ്ങള്‍ ശ്വസിച്ചതാണ് കാന്‍സര്‍ നിരക്ക് വര്‍ധിക്കാനുള്ള കാരണമായി പറയുന്നത്. ജൂണ്‍ 2002 ലാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ നിലനിന്നിരുന്ന സ്ഥലത്തെ മാലിന്യങ്ങള്‍ മുഴുവനും നീക്കം ചെയ്തത്. ഇതിനായി പ്രവര്‍ത്തിച്ച ആളുകളില്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.

ലോ എന്‍ഫോര്‍സ്മെന്റ്, കണ്‍സ്ട്രക്‌ഷന്‍, ടെലികമ്മ്യൂണിക്കേഷന്‍ വര്‍ക്കേര്‍സ് എന്നിവര്‍ക്കിടയില്‍ ആണ് രോഗം വ്യാപകമായി കാണപ്പെടുന്നത്. Occupational carcinogens ആയുള്ള സമ്പര്‍ക്കം മൂലമാണ് ഇവരില്‍ ലുക്കീമിയ ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്.

വേര്‍ഡ്‌ ട്രേഡ് സെന്റർ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആളുകള്‍ക്കിടയില്‍ കാന്‍സര്‍ നിരക്കു വര്‍ധിക്കുന്നതായി യുഎസിലെ Icahn School of Medicine പ്രൊഫസര്‍ സുസന്‍ ട്യീറ്റ്ബാം പറയുന്നു. കുറഞ്ഞ കാലം മുതല്‍ ദീര്‍ഘനാളുകള്‍ക്കകം രോഗലക്ഷണങ്ങള്‍ കാണിച്ചവരും ഇതിലുണ്ട്. 2002 – 2013 കാലഘട്ടത്തിനുള്ളില്‍ വേള്‍ഡ് ട്രേഡ് സെന്റർ റെസ്ക്യൂ പ്രവര്‍ത്തകരില്‍ 28,729 ആളുകളാണ് അമേരിക്കയിലെ വിവിധസംസ്ഥനങ്ങളില്‍ കാന്‍സര്‍ ചികിത്സ തേടിയത്.

pathram desk 2:
Related Post
Leave a Comment