പ്രതിഷേധ ജ്വാല പടരുന്നു; മൂന്നുപേരെ വെടിവച്ചു കൊന്നു

രാജ്യം മുഴുവനും പൗരത്വനിയമഭേദഗതിക്കെതിരേയുള്ള പ്രതിഷേധം ഓരോ ദിവസം ശക്തിയാര്‍ജിക്കുകയാണ്. വിദ്യാര്‍ഥികളില്‍നിന്നും പ്രതിഷേധം ബഹുജനങ്ങള്‍ ഏറ്റെടുത്തതോടെ വ്യാപക സംഘര്‍ഷവും ഉടലെടുത്തു. സംഘര്‍ഷത്തിനിടെ മംഗളൂരുവില്‍ രണ്ടുപേരും ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ഒരാളും വെടിയേറ്റു മരിച്ചു. മംഗളൂരുവില്‍ നിരോധനാജ്ഞ നിലനില്‍ക്കെ പ്രതിഷേധ പ്രകടനം നടത്തിയ യുവാക്കള്‍ക്കുനേരെ പോലീസ് വെടിവെക്കുകയായിരുന്നു. ഒരാള്‍ മരിക്കുകയും മറ്റൊരാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 20 പോലീസുകാര്‍ക്കും പരിക്കേറ്റു. ഇവിടെ വെള്ളിയാഴ്ച അര്‍ധരാത്രിവരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കകുയാണ്. ലഖ്‌നൗവില്‍ സംഘര്‍ഷമുണ്ടായ ഭാഗത്തുകൂടി നടന്നുപോയ ആളെയാണ് വെടിവച്ചു കൊന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിനും കര്‍ണാടകത്തിനും പുറമെ കേരളം, ബിഹാര്‍, ഹരിയാണ, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, തമിഴ്നാട്, വിവിധസംസ്ഥാനങ്ങളില്‍ വന്‍പ്രതിഷേധങ്ങള്‍ നടന്നു. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിരോധനാജ്ഞ ലംഘിച്ചവര്‍ പോലീസുമായി ഏറ്റുമുട്ടി.
വിവിധയിടങ്ങളില്‍ പ്രതിപക്ഷ നേതാക്കളടക്കം ഒട്ടേറെപ്പേര്‍ കസ്റ്റഡിയിലായി. പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി. സമരവും സംഘര്‍ഷവും കനത്തതോടെ, വ്യാഴാഴ്ചരാത്രി ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. സമരക്കാരെ നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ 20 മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടെങ്കിലും സ്ഥിതി ശാന്തമായതോടെ വൈകീട്ടു തുറന്നു. ജനപ്രവാഹം തടയാന്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ബന്ധം വിച്ഛേദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കു തിരിച്ചടി നല്‍കി ഡല്‍ഹി സര്‍ക്കാര്‍ സൗജന്യ വൈഫൈ ഏര്‍പ്പെടുത്തി.

pathram desk 2:
Leave a Comment