സ്‌കൂളിലും പരിസരത്തും ജങ്ക് ഫുഡുകള്‍ നിരോധിച്ചു

സ്‌കൂള്‍ കാന്റീനുകളിലും പരിസരത്തും ജങ്ക് ഫുഡ് വില്‍പനയ്ക്ക് നിരോധനമേര്‍പ്പെടുത്തി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റിയുടെ ഉത്തരവ്. ഡിസംബര്‍ ഒന്ന് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. സ്‌കൂള്‍ വിദ്യാര്‍ഥികളിലെ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ നിയന്ത്രിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് റെഗുലേഷന്‍സ്-2019 പ്രകാരമാണ് ഉത്തരവ്.

സ്‌കൂള്‍ കാമ്പസുകളില്‍ നിന്ന് 50 മീറ്റര്‍ പരിധിക്കുള്ളില്‍ ജങ്ക് ഫുഡ് വില്‍പന നടത്തരുത്. കായികമേളകളിലും ഇത്തരം ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാനോ പരസ്യം ചെയ്യാനോ സാമ്പിളുകള്‍ നല്‍കാനോ പാടില്ല. കൂടിയ അളവില്‍ കൊഴുപ്പ്, മധുരം, ഉപ്പ് എന്നിവ അടങ്ങിയിരിക്കുന്ന പാക്കറ്റിലടച്ച ഭക്ഷണസാധനങ്ങള്‍ (ജങ്ക് ഫുഡ്സ്) സ്‌കൂള്‍ കാന്റീനിലോ സ്‌കൂള്‍ കാമ്പസിന് 50 മീറ്റര്‍ ചുറ്റളവിലോ ഹോസ്റ്റല്‍, സ്‌കൂള്‍ മെസ്സ് എന്നിവിടങ്ങളിലോ വില്‍പന നടത്താനോ വിതരണം ചെയ്യാനോ പാടില്ലെന്നും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നു.

പോഷകഗുണം കുറഞ്ഞ ഭക്ഷണസാധനങ്ങള്‍ സാമ്പിള്‍ ആയി നല്‍കുന്നതും വിലക്കിയിട്ടുണ്ട്. ജങ്ക് ഫുഡിന്റെ വില്‍പന പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളോ ബാനറുകളോ ലോഗോകളോ സ്‌കൂള്‍ കാന്റീനുകളിലോ സ്‌കൂള്‍ കമ്പ്യൂട്ടറുകളിലോ പ്രചരിപ്പിക്കാനും പാടില്ല.

ജങ്ക് ഫുഡുകള്‍ ദോഷമാണോ.?

പോഷകങ്ങള്‍ വളരെ കുറവും കലോറി വളരെ കൂടിയതുമായി ഭക്ഷണപദാര്‍ഥങ്ങളെയാണ് പൊതുവേ ജങ്ക് ഫുഡുകള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഫ്രഞ്ച് ഫ്രൈസ്, വറുത്ത ചിപ്സ്, സമോസ, ഗുലാബ് ജാമുന്‍, മധുരമുള്ള കാര്‍ബണേറ്റഡ്/ നോണ്‍ കാര്‍ബണേറ്റഡ് ശീതളപാനീയങ്ങള്‍, റെഡി ടു ഈറ്റ് ഫുഡ്സ്, നൂഡില്‍സ്, പിസ, ബര്‍ഗര്‍ എന്നിവ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. അമിതഭാരം, പൊണ്ണത്തടി, രോഗങ്ങള്‍ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളിലേക്കു വരെ ജങ്ക് ഫുഡുകള്‍ വഴിതെളിക്കുന്നുണ്ട്.

pathram:
Leave a Comment