ജമ്മു കശ്മീര്‍: ഇന്ത്യയുടെ നടപടിയെ പ്രശംസിച്ച് പാക്കിസ്ഥാനിലെ പ്രതിപക്ഷപാര്‍ട്ടി എംക്യുഎം

ലണ്ടന്‍ : ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി നീക്കിയ ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടിയെ പ്രശംസിച്ച് പാക്കിസ്ഥാനിലെ പ്രതിപക്ഷപാര്‍ട്ടി. നടപടി ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അതിന് ഇന്ത്യന്‍ ജനതയുടെ അഭൂതപൂര്‍വമായ പിന്തുണയുണ്ടെന്നും പാക്കിസ്ഥാനിലെ മുത്താഹിദ ഖ്വാമി മൂവ്‌മെന്റ് (എംക്യുഎം) സ്ഥാപകന്‍ അല്‍താഫ് ഹുസൈന്‍ പറയുന്നു.

എംക്യുഎം സെക്രട്ടേറിയറ്റ് പുറത്തുവിട്ട വിഡിയോയിലാണ് അല്‍താഫ് ഹുസൈന്റെ പ്രസംഗം ഉള്ളത്. വിഡിയോയുടെ ചില പകര്‍പ്പുകളില്‍ ഇന്ത്യയെ പിന്തുണച്ച് ‘സാരേ ജഹാം സേ അച്ഛാ’ എന്ന് അദ്ദേഹം പാടുന്നതായും കാണിക്കുന്നുണ്ട്.

1990 കളില്‍ ലണ്ടനില്‍ രാഷ്ട്രീയ അഭയം തേടിയ അല്‍താഫ് ഹുസൈന്‍ (65) യുകെ പൗരനായി ഇവിടെ കഴിയുകയാണെങ്കിലും പാക്കിസ്ഥാനിലെ വലിയ രാഷ്ട്രീയകക്ഷികളില്‍ ഒന്നായ എംക്യുഎമ്മിന്റെ പൂര്‍ണനിയന്ത്രണം അദ്ദേഹത്തിനു തന്നെയാണ്. 1947 ല്‍ പാക്കിസ്ഥാന്‍ രൂപീകൃതമായപ്പോള്‍ ഇന്ത്യ വിട്ട് പാക്കിസ്ഥാനില്‍ കുടിയേറിയ മുഹാജിറുകളുടെ സ്വാധീനകേന്ദ്രം കറാച്ചിയാണ്.
ഇന്ത്യയുടെ നടപടിക്കു ബദലെന്നോണം പാക്ക് അധിനിവേശ കശ്മീര്‍ പിടിച്ചടക്കാന്‍ അദ്ദേഹം പാക്കിസ്ഥാനെ വെല്ലുവിളിച്ചു. 72 വര്‍ഷമായി പാക്ക് നേതൃത്വം ജനതയെ കശ്മീര്‍ കാര്യത്തില്‍ കബളിപ്പിക്കുകയാണ്.

അല്ലെങ്കില്‍ പട്ടാളത്തെ വിട്ട് ജമ്മു കശ്മീര്‍ പിടിച്ചടക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുഹാജിറുകളെയും ബലൂചികളെയും പഷ്തൂണ്‍കാരെയും പാക്ക് ഭരണകൂടം കൂട്ടക്കൊല ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി.

pathram:
Leave a Comment