തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസ്; ബോളിവുഡില്‍ ആദ്യദിനം മികച്ച കളക്ഷന്‍ നേടുന്ന മൂന്നാം ചിത്രം; ബോളിവുഡില്‍ നിന്ന് മാത്രം ആദ്യ ദിനം നേടിയത് 24.40 കോടി

ഇന്ത്യന്‍ സിനിമാ ലോകത്ത് പകരം വെക്കാനാകാത്ത അഭിനയ പ്രതിഭയായി മാറുകയാണ് സാഹോയിലൂടെ പ്രഭാസ്. ബാഹുബലിയിലൂടെ തന്റെ അഭിനയ മികവ് പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയിച്ച പ്രഭാസ് തന്നെയാണ് സാഹോയുടെ പ്രധാന ഘടകം. നായകന്റെ താരമൂല്യവും അഭിനയശേഷിയും വാണിജ്യപരമായി സംവിധായകന്‍ ഉപയോഗപ്പെടുത്തിയ മറ്റൊരു സിനിമയാണ് സാഹോ. പ്രദര്‍ശനത്തിനെത്തിയ ആദ്യ ദിനം ബോളിവുഡില്‍ നിന്ന് മാത്രം സാഹോ നേടിയത് 24.40 കോടി രൂപയാണ്. ബോളിവുഡില്‍ ആദ്യ ദിനം മികച്ച കളക്ഷന്‍ നേടുന്ന മൂന്നാം ചിത്രമാണ് പ്രഭാസിന്റെ സാഹോ. സല്‍മാന്‍ഖാന്റെ ഭാരത്, അക്ഷയ് കുമാറിന്റെ മിഷന്‍ മംഗള്‍ എന്നിവയാണ് ഇപ്പോള്‍ സാഹോയ്ക്ക് മുന്നിലുള്ള മറ്റു ചിത്രങ്ങള്‍.

ബാഹുബലിയില്‍ കണ്ട പ്രഭാസിനെയല്ല ആരാധകര്‍ സാഹോയില്‍ കണ്ടതെന്ന് നിസംശയം പറയാം. തികച്ചും വ്യത്യസ്തമായ മാറ്റങ്ങളോടെയാണ് പ്രഭാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. തികച്ചും വ്യത്യസ്തമയ ഭാവമാറ്റങ്ങളോടെയായിരുന്നു താരത്തിന്റെ അഭിനയം. ആരാധകരെ നിരാശരാക്കാതെ സസ്‌പെന്‍സ്,ആക്ഷന്‍, ട്വിസ്റ്റ് എല്ലാം കൂട്ടിയിണക്കിയ അത്യുഗ്രന്‍ പ്രഭാസ് ചിത്രം. തിയറ്ററിലെത്തിയവരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന മാസ് ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ് . ബാഹുബലിയെ അപേക്ഷിച്ച്് ഏറെ കായികക്ഷമത ആവശ്യമുളള ചിത്രത്തിനായി പ്രഭാസ് നടത്തിയ കഠിനാധ്വാനവും ചിത്രത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. കഥാപാത്രത്തിന്റെ മികവിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയാറുള്ള താരമാണ് പ്രഭാസെന്നതിനുള്ള ഉദാഹരണമാണ് സാഹോ.

നഗരത്തില്‍ നടക്കുന്ന വലിയ സ്വര്‍ണക്കവര്‍ച്ചയെ തുടര്‍ന്ന് നടക്കുന്ന അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം.ചിത്രത്തില്‍ ഇന്റലിജന്‍ന്‍സ് അണ്ടര്‍ കവര്‍ പോലീസ് ഓഫീസര്‍ വേഷത്തില്‍ പ്രഭാസും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥയായി ശ്രദ്ധ കപൂറും പ്രത്യക്ഷപ്പെടുന്നു. അഭിനേതാക്കള്‍ തങ്ങള്‍ക്ക് ലഭിച്ച വേഷം മനോഹരമായി കൈകാര്യം ചെയ്ത ആക്ഷന്‍ ചിത്രത്തിന്റെ മറ്റൊരു പ്രധാന ഘടകം പ്രഭാസ്- ശ്രദ്ധ കപൂര്‍ താരജോഡികളുടെ കെമിസ്ട്രിയാണ്. റൊമാന്റിക് നായികയില്‍ നിന്നും ആക്ഷന്‍ നായികയിലേക്കുള്ള മാറ്റം ശ്രദ്ധ കപൂര്‍ വളരെ ഭദ്രമായി ചെയ്തപ്പോള്‍ പ്രഭാസ്- ശ്രദ്ധാ കപൂര്‍ കൂട്ടുകെട്ട് ചിത്രത്തിന്റെ പ്രധാന വിജയഘടകമായി.ആക്ഷന്‍ പോലെ തന്നെ പ്രണയ രംഗങ്ങളിലും ഈ കെമിസ്ട്രി വര്‍ക്ക്ഔട്ട് ചെയ്യ്തിട്ടുണ്ട്. സാഹോയിലൂടെ മികച്ച നായിക-നായക കഥാപാത്രങ്ങളായി മാറുകയാണ് പ്രഭാസും ശ്രദ്ധ കപൂറുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

ഒരു ഇന്റലിജന്‍ന്‍സ് അണ്ടര്‍ കവര്‍ പോലീസ് ഓഫീസറായ അശോക് എന്ന കഥാപാത്രമായി പ്രഭാസ് തിളങ്ങുമ്പോള്‍ താരത്തിനൊപ്പം മികച്ച പ്രകടനവുമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥയായ അമൃത നായരായി ശ്രദ്ധയും ചിത്രത്തില്‍ തിളങ്ങി നില്‍പ്പുണ്ട്. ഒരു കിടുക്കാച്ചി എന്‍ട്രിയാണ് ചിത്രത്തില്‍ പ്രഭാസിന്റേത്. ആരാധകരെ കൈയിലെടുക്കാന്‍ അതുമതി. സ്‌പോര്‍ട്‌സ് കാറുകളുടെ ഗണത്തില്‍പെട്ട പാഗനി സോണ്ട ഹൂറേയിലുള്ള പ്രഭാസിന്റെ വരവ്. ആക്ഷന്‍ സിനിമയെന്ന ഖ്യാതിയോടെയെത്തിയ സഹോയുടെ പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് . ബിഗ് ബജറ്റ് ചിത്രത്തിന്റെ സാങ്കേതിക മികവും എടുത്തുപറയേണ്ട കാര്യമാണ്. കോടികള്‍ മുടക്കി നിര്‍മ്മിച്ച ചിത്രത്തിനായി കൂടുതല്‍ തുകയും ചെലവഴിച്ചത് സാങ്കേതിക മികവിനാണ്.ലോകസിനിമയിലെ പ്രഗത്ഭരാണ് ചിത്രത്തിന്റെ സാങ്കേതികമേഖലയില്‍ അണിനിരന്നത്.

എന്തിനേറെ പറയണം അബുദാബിയില്‍ ചിത്രീകരിച്ച 8 മിനിറ്റ് ദൈഘ്യമുള്ള ആക്ഷന്‍ രംഗത്തിനായി മാത്രം 50 കോടിയോളം രൂപയാണ് ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍. ആര്‍. മഥിയുടെയും ടീമിന്റെയും ഛായാഗ്രഹണ മികവാണ് ചിത്രത്തെ ഒരു ദൃശ്യവിസ്മയമാക്കുന്നത്. ദൃശ്യമികവിന്റെ ഔന്നത്യമായ ഐമാക്‌സ് ക്യാമറയിലാണ് ചിത്രം പൂര്‍ണമായി ചിത്രീകരിച്ചിരിക്കുന്നത്. ജിബ്രാന്റെ പശ്ചാത്തല സംഗീതവും സാഹോയ്ക്ക് മികവ് കൂട്ടുന്നു. രാക്ഷസന്‍, വിശ്വരൂപം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ജിബ്രാന്‍.

pathram:
Leave a Comment