തിരുവനന്തപുരം: ഓണക്കാലത്ത് ഒരാഴ്ച സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞുകിടക്കും. സെപ്റ്റംബര്‍ എട്ട് ഞായറാഴ്ചമുതല്‍ അടുത്ത ഞായറാഴ്ചയായ 15 വരെ തുടര്‍ച്ചയായി എട്ടുദിവസം ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല.
ഓണാവധിയും മുഹറവും രണ്ടാം ശനിയും അടുത്തടുത്ത് എത്തിയതാണ് അവധികള്‍ക്കു കാരണം. ഓണാവധിവരുന്ന എട്ടിനു തുടങ്ങുന്ന ആഴ്ചയില്‍ ഒമ്പതിന് മുഹറമാണെങ്കിലും ബാങ്കിന് അവധിയില്ല. അന്നും മൂന്നാം ഓണമായ 12-നും മാത്രമേ ബാങ്കുകള്‍ പ്രവര്‍ത്തിക്കൂ.
സെപ്റ്റംബറില്‍ തുടര്‍ച്ചയായി മൂന്നു ശനിയാഴ്ചകള്‍ ബാങ്കുകള്‍ക്ക് അവധിയാണ്. രണ്ടാം ശനിയാഴ്ചയായ 14-നും നാലാം ശനിയാഴ്ചയായ 28-നുമുള്ള പതിവ് അവധിക്കു പുറമേ ശ്രീനാരായണ ഗുരു സമാധിദിനമായ 21-നും അവധിയാണ്.
എട്ടാം തീയതി ഉള്‍പ്പെടെ അഞ്ച് ഞായറാഴ്ചകളും രണ്ടാം ശനിയും ഓണവുമൊക്കെ ചേരുന്നതോടെ സെപ്റ്റംബറില്‍ 12 ദിവസമാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി. 11 ദിവസം ബാങ്കുകള്‍ക്കും.
Leave a Comment