ചേര്‍ത്തല: ദുരിതാശ്വാസ ക്യാംപില്‍ പിരിവെടുത്തെന്ന ആരോപണത്തിന്റെ ഭാഗമായി സിപിഎം സസ്‌പെന്‍ഡ് ചെയ്ത ലോക്കല്‍ കമ്മിറ്റിയംഗം ഓമനക്കുട്ടന്റെ സസ്‌പെന്‍ഷന്‍ പാര്‍ട്ടി പിന്‍വലിക്കും. പാര്‍ട്ടി അന്വേഷണത്തില്‍ ഓമനക്കുട്ടന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. ദുരിതാശ്വാസ ക്യാംപിലുള്ളവരെ സഹായിക്കുകയാണ് ഓമനക്കുട്ടന്‍ ചെയ്തതെന്ന് പാര്‍ട്ടി വിലയിരുത്തി. പരാതിയില്ലെന്ന് ക്യാംപ് അംഗങ്ങളും, മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാംപില്‍ പണം പിരിച്ചതിനായിരുന്നു നടപടി. സസ്‌പെന്‍ഷനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
അതിനിടെ, ഓമനക്കുട്ടന് എതിരെ നല്‍കിയ പരാതി റവന്യു വകുപ്പ് പിന്‍വലിക്കുമെന്നും അദ്ദേഹത്തിനോടു ക്ഷമ ചോദിക്കുന്നുവെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി.വേണു അറിയിച്ചു. പരാതി പിന്‍വലിക്കാന്‍ ജില്ലാ കലക്ടര്‍ക്കു നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ക്യാംപ് അംഗമായ ഓമനക്കുട്ടന്‍ അരി വാങ്ങിക്കൊണ്ടു വന്നപ്പോള്‍ ഓട്ടോക്കൂലി കൊടുക്കാനുള്ള പണം ഉണ്ടായിരുന്നില്ലെന്നും അതിനു വേണ്ടി ക്യാംപ് അംഗങ്ങളില്‍ നിന്ന് കുറച്ചു പണം വാങ്ങാന്‍ അദ്ദേഹം നിര്‍ബന്ധിതനായെന്നും വേണു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അന്വേഷണത്തില്‍ മുന്‍കാലങ്ങളില്‍ ക്യാംപിന് ആവശ്യമുള്ള പല സേവനങ്ങളും നിസ്വാര്‍ഥതയോടെ ചെയ്യുന്ന ഒരാളെന്ന് ബോധ്യപ്പെട്ടു. പണപ്പിരിവ് നിയമദൃഷ്ട്യാ കുറ്റകരമാണെങ്കിലും അതു മുന്നോട്ടുവച്ചത് മനുഷ്യ പാരസ്പര്യ മൂല്യത്തെയാണ്.
അത്യധികം ആവശ്യമുള്ള സാഹചര്യത്തില്‍ സ്വമേധയാ ചെയ്ത ഒരു കൃത്യമാണു സംഭവത്തിനു പിന്നിലുള്ളതെന്നു വകുപ്പിനു ബോധ്യപ്പെട്ടിരിക്കുന്നു. ഓമനക്കുട്ടന് ഇതുമൂലമുണ്ടായ വിഷമത്തെ ഞാനും എന്റെ വകുപ്പും പ്രളയത്തെ നേരിട്ട ഓരോരുത്തരും പങ്കിട്ടെടുക്കുന്നു. ഒബ്ജക്ടിവിലി ശരിയല്ലാത്ത സബ്ജക്ടിവിലി ശരി മാത്രമായ സത്യത്തിനു മുന്നില്‍ ഓമനക്കുട്ടനേറ്റ ക്ഷതങ്ങള്‍ക്കു മേല്‍ ദുരന്തനിവാരണ തലവന്‍ എന്ന നിലയില്‍ ഞാന്‍ ഖേദിക്കുന്നു. അദ്ദേഹത്തോടു ക്ഷമ ചോദിക്കുന്നുവെന്നും സമൂഹമാധ്യമത്തിലെ കുറിപ്പില്‍ പറഞ്ഞു.
സിപിഎമ്മിന്റെ കുറുപ്പന്‍കുളങ്ങര ലോക്കല്‍കമ്മറ്റിയംഗം എന്‍.എസ് ഓമനക്കുട്ടന്‍ എഴുപത് രൂപവീതം ക്യാംപ് അംഗങ്ങളില്‍നിന്ന് പിരിവെടുത്തെന്നാണ് ഇന്നലെ പ്രചരിച്ചത്. ഓമനക്കുട്ടന്‍ ഉള്‍പ്പെടെയുള്ളവര്‍ കഴിയുന്ന പട്ടികജാതി കമ്മ്യൂണിറ്റി ഹാളില്‍ സൗകര്യങ്ങള്‍ ഒരുക്കാനായിരുന്നു അത്. എന്നാല്‍ പിരിവെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മന്ത്രി ജി. സുധാകരന്‍ ക്യാംപില്‍ എത്തി. തൊട്ടുപിന്നാലെ സിപിഎം ആലപ്പുഴ ജില്ലാസെക്രട്ടറി ഓമനക്കുട്ടനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
ചേര്‍ത്തല തഹസില്‍ദര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അര്‍ത്തുങ്കല്‍ പൊലീസ് കേസ് എടുത്തത്. വെളിച്ചമില്ലാത്ത ക്യാംപിലേക്ക് തൊട്ടടുത്ത വീട്ടില്‍നിന്ന് വൈദ്യുതി എടുക്കാനും സപ്ലൈകോയില്‍നിന്ന് സാധനങ്ങള്‍ എത്തിക്കാനുമാണ് പിരിവ് എന്നായിരുന്നു ഓമനക്കുട്ടന്റെ വിശദീകരണം. വെള്ളവും വെളിച്ചവും ഭക്ഷണസാധനങ്ങള്‍ എത്തിക്കാനുള്ള സംവിധാനവും ഉദ്യോഗസ്ഥര്‍ ഒരുക്കിയില്ലെന്ന് ക്യാംപ് അംഗങ്ങള്‍ കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വന്നേക്കും. ക്യാംപില്‍ സൗകര്യങ്ങളില്ലെന്ന പരാതിയെത്തുടര്‍ന്ന് വൈദ്യുതി ഉള്‍പ്പടെ ഇന്ന് സജീകരിച്ചിരുന്നു.
Leave a Comment