തിരുവനന്തപുരം: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ആശ്വാസധനം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വീട് പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ സഹായധനം നല്‍കും. പ്രളയബാധിതര്‍ക്ക് കഴിഞ്ഞ വര്‍ഷം നല്‍കിയതു പോലെ പതിനായിരം രൂപ അടിയന്തര ധനസഹായം നല്‍കാനും തീരുമാനമായി.
കഴിഞ്ഞ പ്രളയകാലത്തെ മാതൃകയില്‍ സഹായം നല്‍കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേതു പോലെ 10000 രൂപ സഹായ ധനം കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ വിതരണം ചെയ്യുകയുള്ളൂ. അടിയന്തര സഹായം ആവശ്യമുള്ളവരുടെ പട്ടിക പഞ്ചായത്ത് സെക്രട്ടറിയുടേയും വില്ലേജ് ഓഫീസര്‍മാരുടേയും നേതൃത്വത്തില്‍ തയ്യാറാക്കും. ഇവ അതാത് സ്ഥലങ്ങളില്‍ പ്രസിദ്ധീകരിക്കും. ഈ പട്ടികയില്‍ യോഗ്യരായിട്ടും സ്ഥാനം പിടിക്കാത്തവരുടെ പേരുകള്‍ ചേര്‍ക്കാനും അല്ലാതെ കടന്നുകൂടിയവരുണ്ടെങ്കില്‍ ഒഴിവാക്കാനും അവസരം നല്‍കും. കഴിഞ്ഞ വര്‍ഷത്തെ വീഴ്ചകള്‍ ഉള്‍ക്കൊണ്ട് കുറ്റമറ്റ രീതിയില്‍ സഹായം വിതരണം ചെയ്യാനാണ് ശ്രമം. മുന്നറിയിപ്പിന്റെ ഭാഗമായി ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറി താമസിച്ച കുടുംബങ്ങള്‍ക്കും ഈ തുക ലഭിക്കും.
വീട് പൂര്‍ണമായും തകര്‍ന്നവര്‍ക്കാണ് നാല് ലക്ഷം രൂപ ലഭിക്കുക. ഭാഗികമായി തകര്‍ന്ന വീടുകളുടെ ശതമാനക്കണക്കനുസരിച്ച് നഷ്ടപരിഹാരം നിശ്ചയിക്കും. വാസയോഗ്യമല്ലാത്ത രീതിയില്‍ 75 ശതമാനത്തില്‍ കൂടുതല്‍ തകര്‍ന്ന വീടുകള്‍ക്കാണ് നാല് ലക്ഷം രൂപ ലഭിക്കുക. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം വാങ്ങിക്കാന്‍ ആറ് ലക്ഷം രൂപ ലഭിക്കും. ഇവര്‍ക്ക് വീടിനും സ്ഥലത്തിനുമായി പത്ത് ലക്ഷം രൂപ ലഭിക്കും.
അര്‍ഹമായ വില്ലേജുകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കും. ദുരന്തനിരാവണ അതോറിറ്റിക്കാണ് ഇത് നിശ്ചയിക്കാനുള്ള ചുമതല. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഉടന്‍ ഇറങ്ങും.
പ്രളയബാധിത കുടുംബങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും 15 കിലോ അരി സൗജന്യമായി നല്‍കാനും തീരുമാനമായി. നിലവില്‍ സൗജന്യ റേഷന്‍ ലഭിക്കുന്നവര്‍ക്ക് ഇത് ലഭിക്കില്ല.
സഹായധനം നിക്ഷേപിക്കുന്ന അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് നിബന്ധന എടുത്തുകളയാന്‍ ബാങ്കുകളോട് ആവശ്യപ്പെടും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതും അത് കൈമാറുന്നതും സംബന്ധിച്ച് ഈടാക്കുന്ന എക്‌സ്‌ചേഞ്ച് ചാര്‍ജ്ജ് എടുത്തുകളയാനും ബാങ്കുകളോട് ആവശ്യപ്പെടും.
വ്യാപാര സ്ഥാപനങ്ങളുടെ നഷ്ടപരിഹാരം കണക്കാക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിശ്ചയിച്ചു.
സഹായധനം പരമാവധി രണ്ടാഴ്ചക്കുള്ളില്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
Leave a Comment