വയനാട്ടില്‍ മണ്ണിടിച്ചില്‍ തുടരുന്നു; രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു; ഒലിച്ചു പോയത് 70 വീടുകളെന്ന് സംശയം; സംസ്ഥാനത്ത് 10 മരണം; മത്സ്യത്തൊഴിലാളികള്‍ രംഗത്ത്…

കല്‍പ്പറ്റ/ കൊച്ചി/ കോഴിക്കോട്: തുടര്‍ച്ചയായ ദിവസങ്ങളില്‍ കനത്ത മഴ പെയ്തതോടെ മലബാറിലെ മലയോരമേഖലയില്‍ പ്രളയസമാനമായ സാഹചര്യമാണ് ഉള്ളത്. വയനാട് മേപ്പാടിക്കടുത്ത് പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും നിരവധിയാളുകളെ കാണാതായി. പൂത്തുമലയില്‍ ഒലിച്ചുപോയത് 70 വീടുകളെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടിയ വയനാട് പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു. പ്രദേശത്ത് ശക്തമായ മഴയും നിലനില്‍ക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം രക്ഷപ്രവര്‍ത്തനം നടത്താന്‍ സാധിക്കാത്ത സാഹചര്യമാണെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. നാളെ രാവിലെ ആറ് മണിക്ക് രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിക്കും.

കുറച്ച് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തേക്ക് അഞ്ച് കിലോമീറ്റര്‍ കാല്‍നടയായി പോയാലെ എത്താന്‍ സാധിക്കൂ. രക്ഷാ പ്രവര്‍ത്തകര്‍ ഈ ദൂരം കാല്‍നടയായി പോയാണ് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനെത്തിയത്.. സൈന്യത്തിന്റെ ആദ്യ സംഘം ഈ പ്രദേശത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സൈന്യവും നടന്നാണ് ഈ പ്രദേശത്തേക്ക് എത്തുന്നത്. ഇവിടെ എത്ര ആളുകള്‍ കുടുങ്ങിയിട്ടുണ്ട് എന്നകാര്യം വ്യക്തമല്ല. രക്ഷപ്പെടുത്തിയ പത്ത് പേരില്‍ ആര്‍ക്കും കാര്യമായ പരിക്കുകളില്ല.

മേപ്പാടിയിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. ചീഫ് സെക്രട്ടറി, കര – വ്യോമസേനാ ഉദ്യോഗസ്ഥര്‍, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം നല്‍കി.

വൈത്തിരി താലൂക്കിലെ പുത്തുമലയില്‍ വലിയ ഉരുള്‍പൊട്ടലുണ്ടായി എന്ന് അറിയിച്ചുകൊണ്ട് നാട്ടുകാര്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ വലിയ പള്ളിയുള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങളുണ്ട്. ഇവിടെ രണ്ട് പാടികളിലായി നിരവധി എസ്റ്റേറ്റ് തൊഴിലാളികള്‍ താമസിക്കുന്നതായാണ് റിപ്പോര്‍ട്ട്. പള്ളിയും അമ്പലവും അടുത്തുണ്ടായവരും ഒലിച്ചു പോയതായി ദൃശ്യസന്ദേശത്തില്‍ പറയുന്നു.

മത്സ്യത്തൊഴിലാളികള്‍ ബോട്ടുമായി നിലമ്പൂരിലേക്ക്

കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിലങ്ങോളമിങ്ങോളം രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍ നിന്നത് മത്സ്യത്തൊഴിലാളികളാണ്. സംസ്ഥാനത്ത് പ്രളയസമാനമായ സാഹചര്യം ഉണ്ടായ ഇപ്പോഴും രക്ഷാപ്രവര്‍ത്തനത്തില്‍ അവരുണ്ട്. ആറ് ബോട്ടുകളുമായി മത്സ്യത്തൊഴിലാളികളുടെ സംഘം നിലമ്പൂരിലേക്ക് പുറപ്പെട്ടതായി പറയുന്ന ഫെയ്‌സ്ബുക് പോസ്റ്റാണ് ഇത്.

ഇടുക്കിയില്‍ കനത്ത മഴ തുടരുന്നു: ഒരു കുട്ടി അടക്കം നാലു മരണം

രണ്ടുദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴമൂലം ഇടുക്കി ജില്ലയില്‍ വ്യാപകമായ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒരു കുഞ്ഞ് ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് പത്ത് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

മഴക്കെടുതി: വനം ആസ്ഥാനത്ത് കണ്‍ട്രോള്‍ റൂം തുടങ്ങി

മഴ ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് വനം ആസ്ഥാനത്ത് കണ്‍ട്രോള്‍ റൂം തുടങ്ങി. വനമേഖലയിലുണ്ടാകുന്ന മഴക്കെടുതി സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനും അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനുമാണ് ഇത്. വനം ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി വനം മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു. വനം ആസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു വന്നിരുന്ന ഫയര്‍ കണ്‍ട്രോള്‍ റൂമുകളെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കണ്‍ട്രോള്‍ റൂമുകളാക്കി മാറ്റിയിട്ടുണ്ട്. നമ്പരുകള്‍:- വനം ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂം – 04712529365. പ്രളയ കണ്‍ട്രോള്‍ റൂം 04712529247 ടോള്‍ ഫ്രീ നമ്പര്‍ 18004254733.

ചുരത്തില്‍ കുടുങ്ങിയവരെ നാടുകാണിയില്‍ എത്തിച്ചു

നാടുകാണി ചുരത്തില്‍ കുടുങ്ങിയ യാത്രക്കാരെ നാടുകാണിയില്‍ എത്തിച്ചു. ദേവാലയത്തില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ എത്തി അമ്പതോളം പേരെ ചുരം കയറ്റി. രണ്ട് കെ എസ് ആര്‍ ടി സി ബസും ഒരു തമിഴ്‌നാട് സര്‍ക്കാര്‍ ബസും സ്വകാര്യ വാഹനങ്ങളുമാണ് കുടുങ്ങിയത്.

വിമാനത്താവളത്തിലെത്താന്‍ കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ്

കൊച്ചി വിമാനത്താവളം താല്‍ക്കാലികമായി അടയ്ക്കുകയും വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളില്‍ എത്തുന്നതിനും അവിടങ്ങളില്‍ നിന്ന് മറ്റുസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് നടത്താന്‍ ഗതാഗത വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കി.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment