കടുവ സരംക്ഷണ കേന്ദ്രത്തില്‍ പെണ്‍കടുവയെ ജനക്കൂട്ടും തല്ലിക്കൊന്നു; ദൃശ്യങ്ങള്‍ പുറത്ത്

ഉത്തര്‍പ്രദേശിലെ പിലിഭിത് കടുവാ സംരക്ഷണ കേന്ദ്രത്തില്‍ കടുവയ ജനക്കൂട്ടം തല്ലിക്കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്തായി. പെണ്‍കടുവയെ ഗ്രാമവാസികള്‍ വടികളുപയോഗിച്ച് തല്ലിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. സംഭവത്തില്‍ 31 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

ദിയ്റിയയിലാണ് സംഭവം നടന്നത്. അഞ്ച് വയസ്സുള്ള കടുവയാണ് കൊല്ലപ്പെട്ടത്. മത്തയ്ന ഗ്രാമവാസികളായ ഏതാനുംപേര്‍ ചേര്‍ന്നാണ് കടുവയെ വളഞ്ഞിട്ട് ആക്രമിച്ചത്. സംഭവം നടന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും ഗുരുതരമായി പരിക്കേറ്റ കടുവ കാട്ടിലേയ്ക്ക് കടന്നിരുന്നു. കടുവയെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പിന്നീട് വ്യാഴാഴ്ച രാവിലെയാണ് കടുവയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പിലിഭിത് കടുവാ സംരക്ഷണ കേന്ദ്രം ഡയറക്ടര്‍ രാജമോഹന്‍ പറഞ്ഞു. വാരിയെല്ലുകളെല്ലാം തകര്‍ന്നിരുന്നു. കാലുകളെല്ലാം ഒടിഞ്ഞ നിലയിലായിരുന്നു. ശരീരം നിറയെ മൂര്‍ച്ചയുള്ള ആയുധംകൊണ്ട് കുത്തിക്കീറിയ നിലയിലായിരുന്നെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃഗഡോക്ടര്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി മൃഗങ്ങളാണ് പിലിഭിത് കടുവാ സംരക്ഷണ കേന്ദ്രത്തില്‍ പല രീതിയില്‍ കൊല്ലപ്പെട്ടത്. 2012 മുതല്‍ 16 കടുവകള്‍, മൂന്ന് പുള്ളിപ്പുലികള്‍ എന്നിവയാണ് ഇവിടെ കൊല്ലപ്പെട്ടത്. വിഷം ഉള്ളില്‍ച്ചെന്നും കെണികളില്‍പ്പെട്ടും ആക്രമണത്തിനിരയായുമാണ് മിക്കവാറും മൃഗങ്ങള്‍ കൊല്ലപ്പെട്ടത്.

pathram:
Leave a Comment