കാറ് വേണ്ടെന്ന് രമ്യ; ഇതുവരെ പിരിച്ച ആറ് ലക്ഷം രൂപ തിരിച്ചു കൊടുക്കും; ബിനീഷ് കോടിയേരിക്കെതിരേ മാനനഷ്ടക്കേസ് നല്‍കും

കൊച്ചി: ആലത്തൂര്‍ ലോക്‌സഭാംഗം രമ്യ ഹരിദാസിന് കാറ് വാങ്ങാന്‍ ഇതുവരെ പിരിച്ചെടുത്തത് 6.13 ലക്ഷം രൂപയാണെന്ന് പിരിവിന് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി. കാര്‍ വേണ്ടെന്ന് എംപി അറിയിച്ച സാഹചര്യത്തില്‍ കാര്‍ വാങ്ങേണ്ടതില്ലെന്നും പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

കാര്‍ വാങ്ങി നല്‍കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചതായി വ്യക്തമാക്കിയ നേതാക്കള്‍, പിരിച്ചെടുത്ത പണം തിരികെ നല്‍കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഇതിന് പുറമെ അപവാദ പ്രചാരണം നടത്തിയതിന് ബിനീഷ് കോടിയേരിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാനും പാര്‍ലമെന്റ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് രസീത് അടിച്ച് പണപ്പിരിവ് നടത്തിയത് വിവാദങ്ങള്‍ക്ക് കാരണമായതോടെയാണ് ഈ വാഗ്ദാനം നിരസിച്ച് ആലത്തൂര്‍ എംപി രമ്യ ഹരിദാസ് ഇന്നലെ രംഗത്ത് വന്നത്. കെപിസിസി പ്രസിഡന്റിന്റെ വാക്കുകള്‍ അനുസരിക്കുന്നുവെന്നും പൊതുജീവിതം സുതാര്യമാകണമെന്നാണ് ആഗ്രഹമെന്നും അറിയിച്ച അവര്‍, ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു.

എന്നെ ഞാനാക്കിയ എന്റെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഒരഭിപ്രായം പറഞ്ഞാല്‍ അതാണ് എന്റെ അവസാന ശ്വാസമെന്നും രമ്യ ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ, ഒരു യൂത്ത് കോണ്‍ഗ്രസുകാരി എന്ന നിലയില്‍ ജീവിതത്തില്‍ ഏറെ അഭിമാനകരമായ നിമിഷമാണിത് എന്നാണ് കാര്‍ വാങ്ങുന്നതിനുള്ള യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനത്തെ കുറിച്ച് രമ്യ പ്രതികരിച്ചത്. ഇത് ആലത്തൂരുകാര്‍ക്ക് വേണ്ടിയുള്ള വാഹനമാണ്. ആലത്തൂരുകാരിലേക്ക് എത്രയും വേഗം ഓടിയെത്തുക എന്നതാണ് തന്റെ ചുമതലയെന്നും അവര്‍ പറഞ്ഞിരുന്നു.

എംപിയെ സഹായിക്കുക എന്നതിലുപരി അങ്ങനെ ഒരു ആവശ്യത്തിന് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നു എന്നതില്‍ അഭിമാനിക്കുന്നു. ആലത്തൂരിലെ സാധാരണക്കാര്‍ അവര്‍ക്ക് വേണ്ടി തെരഞ്ഞെടുത്ത ആലത്തൂരിലെ ഒരു സാധാരണക്കാരിയാണ് താനെന്നും രമ്യ പറഞ്ഞിരുന്നു.

pathram:
Related Post
Leave a Comment