കൗണ്ട് ഡൗണ്‍ ആരംഭിച്ചു; ചന്ദ്രയാന്‍ 2 വിക്ഷേപണം നാളെ 2.51ന്

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-രണ്ട്, 15ന് പുലര്‍ച്ചെ 2.51-ന് ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍നിന്ന് ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് റോക്കറ്റാണ് ചന്ദ്രയാന്‍ രണ്ടിനെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. വിക്ഷേപണത്തിന്റെ 20 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഞായറാഴ്ച രാവിലെ 6.51-ന് ആരംഭിച്ചു.

ചന്ദ്രയാന്‍-2 സാങ്കേതിക മികവോടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങി ഗവേഷണം നടത്തും. ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രന്റെ ഉപരിതലത്തില്‍ ഗവേഷണം നടത്തുന്ന റോബോട്ടിക് റോവര്‍, സുരക്ഷിതമായി ചന്ദ്രനില്‍ ഇറങ്ങുന്ന ലാന്‍ഡര്‍ എന്നിവ അടങ്ങുന്നതാണ് ചന്ദ്രയാന്‍-2 ദൗത്യം. ചന്ദ്രയാന്‍ ഒന്നില്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയായിരുന്നു, ഇത്തവണ സോഫ്റ്റ് ലാന്‍ഡിങ്ങിനാണ് ശ്രമിക്കുന്നത്. ഇതില്‍ നേരത്തേ വിജയിച്ചിട്ടുള്ളത് അമേരിക്കയും റഷ്യയും ചൈനയുമാണ്. ലാന്‍ഡറിനെ ചന്ദ്രനിലിറക്കുന്നത് ഏറെ ശ്രമകരമാണ്. വായുസാന്നിധ്യമില്ലാത്തതില്‍ പാരച്യൂട്ട് സംവിധാനം പറ്റില്ല. അതിനാല്‍ എതിര്‍ദിശയില്‍ എന്‍ജിന്‍ പ്രവര്‍ത്തിച്ചായിരിക്കും വേഗം നിയന്ത്രിക്കുന്നത്. 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ചന്ദ്രയാന്‍-2 ചന്ദ്രനിലെത്തുന്നത്.

വിക്ഷേപണം കഴിഞ്ഞ് 15 മിനിറ്റിനുള്ളില്‍ പേടകം ഭൂമിയുടെ ഭ്രമണപഥത്തിലെത്തും. തുടര്‍ന്ന് ദിവസങ്ങള്‍ നീളുന്ന പ്രക്രിയയിലൂടെ ഘട്ടംഘട്ടമായി ഭ്രമണപഥമുയര്‍ത്തി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കണം. ചന്ദ്രന്റെ ഭ്രമണപഥത്തിന്റെ കുറഞ്ഞ അകലം 30 കിലോമീറ്ററും കൂടിയ അകലം 100 കിലോമീറ്ററുമാണ്. ചന്ദ്രനില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തുമ്പോള്‍ ഓര്‍ബിറ്ററില്‍നിന്ന് ലാന്‍ഡര്‍ വേര്‍പെട്ട് ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങും. ഇതിന് നാലുദിവസംവരെ കാത്തിരിക്കേണ്ടിവരും. സെപ്റ്റംബര്‍ ആറിനോ ഏഴിനോ ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങും. ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുന്നതോടെ ത്രിവര്‍ണപതാകയും എത്തും. റോവറില്‍ ദേശീയ പതാകയുടെ മൂന്ന് വര്‍ണങ്ങളും ചക്രങ്ങളില്‍ അശോകസ്തംഭവുമുണ്ടാകും

ലാഡര്‍ സാവധാനം ചന്ദ്രന്റെ ഉപരിതലത്തിലേക്കിറങ്ങുന്നതിന് വേണ്ടിവരുന്ന 15 മിനിറ്റാണ് നിര്‍ണായകം. ലാന്‍ഡര്‍ ഉപരിതലത്തിലിറങ്ങിയാല്‍ വാതില്‍ തുറന്ന് റോവര്‍ സാവധാനം പുറത്തിറങ്ങും. തുടര്‍ന്ന് ആറുചക്രത്തില്‍ സഞ്ചരിച്ച് ഗവേഷണത്തില്‍ ഏര്‍പ്പെടും. നാല് മണിക്കൂറിനുള്ളില്‍ റോവര്‍ പുറത്തെത്തും. ആദ്യം സെക്കന്‍ഡില്‍ ഒരു സെന്റീമീറ്റര്‍ സഞ്ചരിക്കുന്ന റോവറിന്റെ വേഗം പിന്നീട് 500 മീറ്ററായി കൂടും. ആരും കടന്നുചൊല്ലാത്ത ദക്ഷിണ ധ്രുവത്തിലാണ് പര്യവേക്ഷണമെന്നതും പ്രത്യേകതയാണ്. ദക്ഷിണ ധ്രുവത്തില്‍ കൂടുതല്‍ വെള്ളത്തിന്റെ സാന്നിധ്യവും പ്രതീക്ഷിക്കുന്നുണ്ട്. ചന്ദ്രയാന്‍-2 ദൗത്യ പേടകത്തിന് 3.8 ടണ്ണാണ് ഭാരം. ദൗത്യ പേടകങ്ങള്‍ക്ക് 603 കോടി രൂപയും വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് റോക്കറ്റിന് 375 കോടി രൂപയുമാണ് ചെലവ്.

ചന്ദ്രന്റെ 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ സ്ഥാനംപിടിക്കുന്ന ഓര്‍ബിറ്റര്‍ ഉപരിതലത്തിലിറങ്ങുന്ന ലാന്‍ഡര്‍, റോവര്‍ എന്നിവയില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് ഭൂമിയിലേക്ക് നല്‍കും. ഇതോടൊപ്പം ചന്ദ്രനെക്കുറിച്ച് ഗവേഷണം നടത്തുന്ന എട്ട് പേലോഡുകളുണ്ടാകും. 2379 കിലോഗ്രാമാണ് ഭാരം. സൗരോര്‍ജത്തിലാണ് പ്രവര്‍ത്തനം. ഒരുവര്‍ഷമാണ് പ്രവര്‍ത്തന കാലാവധി.

ഓര്‍ബിറ്ററില്‍നിന്ന് വേര്‍പെട്ട് ചന്ദ്രന്റെ ഉപരിതലത്തില്‍ റോവറിനെ സുരക്ഷിതമായി ഇറക്കുന്നത് ലാന്‍ഡറാണ്. പ്രമുഖ ശാസ്ത്രജ്ഞനായിരുന്ന വിക്രം സാരാഭായിയുടെ സ്മരണയ്ക്കായി ലാന്‍ഡറിന് വിക്രം എന്നാണ് പേരിട്ടിരിക്കുന്നത്. നാല് കാലുകളിലായി ചന്ദ്രന്റെ ഉപരിതലത്തില്‍ സ്ഥാനമുറപ്പിക്കുന്ന ലാന്‍ഡറില്‍ മൂന്ന് പേ ലോഡുകളുണ്ടാകും. മൊത്തം ഭാരം 1471 കിലോഗ്രാമാണ്. ഒരു ചന്ദ്രദിനമാണ് ആയുസ്സ്.

ലാന്‍ഡര്‍ സുരക്ഷിതമായി ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങിയതിനുശേഷം ലാന്‍ഡറില്‍നിന്ന് വേര്‍പെട്ട് ഉപരിതലത്തില്‍ സഞ്ചരിച്ച് ഗവേഷണം നടത്തും. ആറുചക്രമുള്ള റോവറില്‍നിന്ന് വിവരങ്ങള്‍ ലാന്‍ഡര്‍ ശേഖരിക്കും. ഗവേണഷത്തിനായി രണ്ട് പേ ലോഡുകളാണ് ഇതിലുള്ളത്. പ്രവര്‍ത്തന കാലാവധി ചന്ദ്രദിനമാണ്. 27 കിലോഗ്രാമാണ് ഭാരം. അറിവ് എന്നര്‍ഥംവരുന്ന സംസ്‌കൃത വാക്കായ പ്രഗ്യാന്‍ എന്നാണ് പേര്. ചന്ദ്രനിലെ വെള്ളത്തിന്റെ സ്വാധീനം കണ്ടെത്തുക പ്രധാന ലക്ഷ്യം. ചന്ദ്രോപരിതലത്തിന്റെ ഉപരിതലത്തിലെ ധാതു, രാസഘടന, തെര്‍മോ ഫിസിക്കല്‍ സ്വഭാവം എന്നിവയെക്കുറിച്ചുള്ള പഠനം നടത്തും. ഇതുവരെ കടന്നുചൊല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍നിന്ന് വിലപിടിച്ച വിവരങ്ങള്‍ ലഭിക്കുമെന്ന വിശ്വാസം ശാസ്ത്രജ്ഞര്‍ക്കുണ്ട്. ഇതിന് സഹായിക്കുന്ന 13 പോ ലോഡുകളാണ് ദൗത്യത്തിലുള്ളത്.

pathram:
Leave a Comment