തൊടുപുഴ: കസ്റ്റഡി മരണക്കേസിലെ നിലപാടില്‍ മാറ്റം വരുത്തി സിപിഎം ഇടുക്കി ജില്ലാ നേതൃത്വം. ഇടുക്കി എസ്പിയെ മാറ്റി നിര്‍ത്തി മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രം നടപടി ആവശ്യപ്പെടുന്ന പത്രക്കുറിപ്പ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇറക്കിയിരുന്നു. എന്നാല്‍ ആ വാര്‍ത്താക്കുറിപ്പ് പഴയതാണെന്ന നിലപാടിലാണ് ഇപ്പോള്‍ സിപിഎം ജില്ലാ നേതൃത്വം.
കുറ്റക്കാര്‍ എത്ര ഉന്നതരായാലും രക്ഷപ്പെടാന്‍ അനുവദിക്കില്ല എന്നാണ് ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ പറയുന്നത്. എസ്പിക്കെതിരെയും അന്വേഷണം വേണമെന്നാണ് നിലപാടെന്നും കെ.കെ. ജയചന്ദ്രന്‍ അറിയിച്ചു.
കട്ടപ്പന ഡിവൈഎസ്പി, നെടുങ്കണ്ടം സിഐ, എസ്ഐ എന്നിവര്‍ കോണ്‍ഗ്രസുമായി ഒത്തുകളിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ നടത്തിയ ശ്രമങ്ങളാണ് രാജ്കുമാറിന്റെ മരണവും പിന്നീടുണ്ടായ വിവാദങ്ങളുമെന്നാണ് നേരത്തെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്നാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.
എസ്പിയെ അറിയിക്കാതെ കീഴുദ്യോഗസ്ഥരാണ് കുഴപ്പങ്ങള്‍ ഉണ്ടാക്കിയതെന്നാണ് സിപിഎം മുമ്പ് സ്വീകരിച്ചിരുന്ന നിലപാട്. പിന്നാലെ നിലപാട് തിരുത്തി സിപിഎം ജില്ലാനേതൃത്വം രംഗത്ത് എത്തി.
കുറ്റവാളികള്‍ എത്ര ഉന്നതരായാലും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാല്‍ ജില്ലാസെക്രട്ടേറിയറ്റ് ഇറക്കിയ പത്രക്കുറിപ്പിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ അറിയിച്ചിട്ടുള്ളത്.
Leave a Comment