കേന്ദ്രസര്‍ക്കാര്‍ അഭിമാനത്തോടെ നടപ്പിലാക്കിയ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ കൂറ്റന്‍ പ്രതിമയ്ക്കുള്ളില്‍ മഴവെള്ളം നിറയുന്നു. നര്‍മദാ നദിയുടെ തീരത്ത് സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനോട് ചേര്‍ന്ന് 3000 കോടിരൂപ ചിലവിലാണ് സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന പേരില്‍ പ്രതിമ നിര്‍മിച്ചത്. 182 മീറ്റര്‍ ഉയരമുള്ള പ്രതിമയുടെ ഉദ്ഘാടനം കഴിഞ്ഞ വര്‍ഷമാണ് കഴിഞ്ഞത്.
സന്ദര്‍ശക ഗാലറി, പ്രദര്‍ശന കേന്ദ്രം, മ്യൂസിയം, കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവ അടങ്ങുന്നതാണ് സ്റ്റാച്യു ഓഫ് യൂണിറ്റി. ഇതില്‍ 153 അടി ഉയരത്തിലാണ് സന്ദര്‍ശക ഗാലറിയുള്ളത്. ഇവിടെയാണ് മഴവെള്ളം അകത്തേക്ക് കയറുന്നത്. 3000 കോടി മുടക്കി നിര്‍മിച്ച ഒരു നിര്‍മിതിയില്‍ മഴവെള്ളം അകത്തേക്ക് കയറുന്നത് തടയാന്‍ സംവിധാനമൊരുക്കിയില്ല എന്നതാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. വലിയ മഴപോലുമില്ലാതിരുന്നിട്ടും സന്ദര്‍ശക ഗാലറിക്കുള്ളില്‍ വെള്ളം നിറഞ്ഞുവെന്നാണ് സന്ദര്‍ശകര്‍ പരാതിപ്പെട്ടത്.
എന്നാല്‍ സന്ദര്‍ശക ഗാലറിയുടെ മുന്‍വശം തുറന്ന് കിടക്കുന്നതിനാല്‍ മഴവെള്ളം അകത്ത് കടക്കുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ ഇങ്ങനെ അകത്ത് കടക്കുന്ന വെള്ളം പുറത്തുപോകാന്‍ പ്രത്യേകം വഴിയൊരുക്കിയാണ് പ്രതിമ നിര്‍മിച്ചതെന്നും നര്‍മദ ജില്ലാ കളക്ടര്‍ പറയുന്നു.
പ്രതിമയുടെ നെഞ്ചിന്റെ ഭാഗത്തായാണ് സന്ദര്‍ശക ഗാലറി സ്ഥാപിച്ചിരിക്കുന്നത്. രൂപകല്‍പന അനുസരിച്ച് ഇതിന്റെ മുന്‍ഭാഗത്ത് ഗ്രില്ലുകള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ പിന്‍വശത്ത് ഗ്ലാസുകള്‍ ഉപയോഗിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് കാഴ്ചകള്‍ കൂടുതല്‍ ആസ്വദിക്കുന്നതിന് വേണ്ടിയാണ് മുന്‍ഭാഗത്ത് ഗ്ലാസുകള്‍ ഒഴിവാക്കിയതെന്നും അധികൃതര്‍ പറയുന്നു.
മഴപെയ്യുമ്പോള്‍ അകത്ത് കയറുന്ന വെള്ളം പുറത്തേക്ക് കളയാന്‍ മാര്‍ഗമൊരുക്കിയിട്ടുണ്ട്. എന്നാല്‍ കാറ്റ് ശക്തമാവുകയാണെങ്കില്‍ കൂടുതല്‍ മഴവെള്ളം അകത്തേക്ക് കയറും. ഇതിന് അവിടെ നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍ മതിയായ നടപടികള്‍ സ്വീകരിച്ചുകൊള്ളുമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ വിശദീകരണത്തില്‍ തൃപ്തരാകാതെ ട്രോളുകളില്‍ കൂടിയും മറ്റും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
Leave a Comment