മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലാകും; വീണ്ടും ഇരുട്ടടിയുമായി കേന്ദ്രസര്‍ക്കാര്‍; വൈദ്യുതിയും ഗ്യാസും ഉള്ളവര്‍ക്ക് ഇനി മണ്ണെണ്ണയില്ല

കൊച്ചി: കേരളത്തിലെ സാധാരണക്കാര്‍ക്കെതിരേ കേന്ദ്രസര്‍ക്കാരിന്റെ ക്രൂരമായ നടപടി. വൈദ്യുതിയും പാചകവാതകവും ഉള്ളവര്‍ക്ക് ഇനി റേഷന്‍കട വഴി മണ്ണെണ്ണ ലഭിക്കില്ല എന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്. പൊതുവിതരണത്തിനായി നല്‍കുന്ന മണ്ണെണ്ണ വകമാറ്റരുതെന്നാവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം സംസ്ഥാനത്തിനു കത്തുനല്‍കിക്കഴിഞ്ഞു. വിളക്കുകത്തിക്കാനും പാചകത്തിനും മാത്രമേ റേഷന്‍ മണ്ണെണ്ണ നല്‍കാവൂ എന്നാണു നിര്‍ദേശം. വൈദ്യുതിയുള്ളവര്‍ക്കും പാചകവാതകമുള്ളവര്‍ക്കും വിഹിതം നഷ്ടമാകാന്‍ ഇതിടയാക്കും.

നിര്‍ദേശം നടപ്പായാല്‍ റേഷന്‍ മണ്ണെണ്ണ വാങ്ങുന്നവരുടെ പട്ടികയില്‍നിന്ന് കേരളത്തിലെ 98 ശതമാനം കുടുംബങ്ങളും പുറത്താകും. വൈദ്യുതിയും പാചകവാതകവും ഇല്ലാത്ത അറുപതിനായിരം കുടുംബങ്ങളിലേക്കുമാത്രമായി മണ്ണെണ്ണവിതരണം ചുരുങ്ങും. സംസ്ഥാനത്ത് റേഷന്‍കാര്‍ഡുള്ള 85,02,974 കുടുംബങ്ങളിലും വൈദ്യുതിയുണ്ട്. 60,128 വീടുകളില്‍മാത്രമേ വൈദ്യുതിയും പാചകവാതകവും ഇല്ലാതുള്ളൂ. ഇവരിലേക്കുമാത്രമായി റേഷന്‍ മണ്ണെണ്ണ വിതരണം ചുരുങ്ങും.

കേന്ദ്രനിര്‍ദേശത്തിനെതിരേ പ്രതിഷേധവുമായി സംസ്ഥാനസര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. വൈദ്യുതിയുള്ള കാര്‍ഡുടമകള്‍ക്ക് അരലിറ്റര്‍ മണ്ണെണ്ണപോലും കൊടുക്കാനാകാത്ത സ്ഥിതിയാണെന്ന് ഭക്ഷ്യമന്ത്രി പി. തിേലാത്തമന്‍ പറഞ്ഞു.

കേരളത്തിന്റെ മണ്ണെണ്ണവിഹിതം കഴിഞ്ഞദിവസം ഇറക്കിയ അലോട്ട്‌മെന്റില്‍ കുത്തനെ കുറച്ചിട്ടുണ്ട്. നേരത്തേ മൂന്നുമാസത്തേക്ക് 13,908 കിലോലിറ്റര്‍ മണ്ണെണ്ണ അനുവദിച്ചിരുന്നു. എന്നാല്‍, ജൂലായ് മുതല്‍ ഓഗസ്റ്റ്‌വരെയുള്ള കാലയളവിലേക്കായി 9264 കിലോലിറ്റര്‍മാത്രമേ അനുവദിച്ചിട്ടുള്ളൂ.

നിലവില്‍ വൈദ്യുതിയില്ലാത്ത കാര്‍ഡുടമകള്‍ക്ക് നാലുലിറ്ററും വൈദ്യുതിയുള്ള കാര്‍ഡുടമകള്‍ക്ക് ഒരുലിറ്ററും മണ്ണെണ്ണയാണ് മാസം നല്‍കുന്നത്. വൈദ്യുതിയുള്ളവരുടെ വിഹിതം അരലിറ്ററില്‍നിന്ന് ഈ മാസമാണ് ഒരുലിറ്ററായി ഉയര്‍ത്തിയത്. എന്നാല്‍, ഈ മാസവും ആവശ്യത്തിന് മണ്ണെണ്ണ നല്‍കിയില്ല. അതുകൊണ്ടുതന്നെ ആദ്യം കടകളിലെത്തുന്ന 75 ശതമാനത്തോളം പേര്‍ക്കേ മണ്ണെണ്ണ ലഭിക്കൂ.

പോര്‍ട്ടബിലിറ്റി സംവിധാനമുള്ളതിനാല്‍ മറ്റു റേഷന്‍കടകളില്‍ നീക്കിയിരിപ്പുണ്ടെങ്കിലും ഇവര്‍ക്ക് മണ്ണെണ്ണ വാങ്ങാം. മറ്റുള്ളവര്‍ക്ക് വിഹിതം നഷ്ടമാകും. ഈ സാഹചര്യം ഒഴിവാക്കാന്‍ വൈദ്യുതിയുള്ളവരുടെ വിഹിതം ഉടന്‍ നിര്‍ത്തുമെന്നാണ് വിവരം.

അതുപോലെ തന്നെ മീന്‍പിടിത്തമേഖലയ്ക്കുള്ള മണ്ണെണ്ണ വിഹിതം മാസങ്ങളായി വിതരണം ചെയ്തിരുന്നില്ല. വിഹിതം പുനഃസ്ഥാപിക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. ഇനി ഇതിനുള്ള സാധ്യതയും ഇല്ലാതായി. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കുപകരമായി മണ്ണെണ്ണവിഹിതം ഉപയോഗിക്കരുതെന്ന് കേന്ദ്രം നേരത്തേ നിര്‍ദേശിച്ചിരുന്നു.

ഇതിന്റെ ഭാഗമായി മത്സ്യബന്ധന വള്ളങ്ങള്‍ക്ക് യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് 129 ലിറ്റര്‍വരെ മണ്ണെണ്ണ കിട്ടിയിരുന്നു. എല്‍.ഡി.എഫ്. ഭരണകാലത്ത് ഇത് 36 ലിറ്ററായി ചുരുങ്ങി. കേന്ദ്രവിഹിതം കുറഞ്ഞതോടെ ഏതാനും മാസമായി വിതരണം മുടങ്ങി.

pathram:
Leave a Comment