കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്റെ മരണത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സിപിഎം നേതാവ് എംവി ഗോവിന്ദന്റെ ഭാര്യയും ആന്തൂര്‍ നഗരസഭാധ്യക്ഷയുമായ പി.കെ.ശ്യാമളക്കെതിരെ കൂടുതല്‍ പരാതികള്‍. കണ്ണൂര്‍ വെള്ളിക്കീല്‍ പാര്‍ക്കിലെ ഇക്കോ ടൂറിസം പദ്ധതി ശ്യാമള തകര്‍ത്തെന്ന ആരോപണവുമായി ഒരു വനിതാ സംരംഭകയാണ് രംഗത്തെത്തിയിരിക്കുന്നത്.
ടൂറിസം വകുപ്പിന്റെ ശുപാര്‍ശയും അംഗീകാരവും ലഭിച്ചിട്ടും ആന്തൂര്‍ നഗരസഭ അനുമതി നല്‍കാത്തതിനാല്‍ തന്റെ ഇക്കോ ടൂറിസം പദ്ധതി അവസാനിപ്പിക്കേണ്ടി വന്നതായി കണ്ണൂര്‍ സ്വദേശിനി സുഗില ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. 2014-ലാണ് സുഗില ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കാന്‍ ധാരണയാവുന്നത്.
71,000 രൂപ മാസവാടകയ്ക്ക് 3 വര്‍ഷത്തെ കരാറില്‍ ഇതിനായി സുഗില ഒപ്പിട്ടു. പദ്ധതിയുടെ ഭാഗമായി അന്ന് തുടങ്ങിയ ആറ് കിയോസ്‌കുകള്‍ പക്ഷേ ഇന്ന് പൂട്ടിക്കിടക്കുകയാണ്. കിയോസ്‌കുകള്‍ വാടകക്കെടുക്കാന്‍ ആളുകളെത്തിയെങ്കിലും കെട്ടിടത്തിനും വെള്ളത്തിനും വൈദ്യുതിക്കും നഗരസഭ അനുമതി നല്‍കിയില്ല.
ഇതോടെ ലഭ്യമായ സൗകര്യം വച്ച് സുഗില സംരംഭം ആരംഭിച്ചെങ്കിലും വാടകയ്ക്ക് എത്തിയവരെ പദ്ധതി അനധികൃതമാണെന്ന് കാട്ടി നഗരസഭ തിരിച്ചയച്ചു. ടൂറിസം വകുപ്പിന്റെ ശുപാര്‍ശയുടെ പിന്തുണയില്‍ നഗരസഭയുടെ അനുമതി പ്രതീക്ഷിച്ച് തുടങ്ങിയ ഫുഡ്‌കോര്‍ട്ടും രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ നഗരസഭ അടച്ചുപൂട്ടി. അനുമതിക്ക് വേണ്ട രേഖകളെല്ലാം ഹാജരാക്കി പലതവണ പരാതിയുമായി ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും. നഗരസഭാ അധ്യക്ഷയായ ടീച്ചറെ കാണണമെന്നായിരുന്നു ഇവര്‍ക്ക് കിട്ടിയ മറുപടി.
ഞാനിവിടെ ഇരിക്കുന്ന കാലത്തോളം ഇതൊന്നും അനുവദിച്ചു തരാനാവില്ല എന്ന രീതിയിലാണ് ടീച്ചര്‍ സംസാരിച്ചത്. പ്രശ്‌നം പരിഹരിക്കാന്‍ സ്ഥലത്തെ പാര്‍ട്ടിക്കാരെ വച്ച് ചര്‍ച്ച നടത്തിയെങ്കിലും എനിക്ക് അഹങ്കാരമാണെന്നായിരുന്നു അവരുടെ പരാതി. പിരിവായി ചോദിച്ച 10,000 രൂപ കൊടുക്കാത്തതായിരുന്നു പ്രശ്‌നം. നേരത്തെ പൈസ കൊടുത്തിരുന്നുവെന്നും ഇപ്പോ തല്‍കാലം 3000 രൂപ കൊടുക്കാമെന്നും പറഞ്ഞെങ്കിലും അത് അവര്‍ക്ക് കൂടുതല്‍ പ്രശ്‌നമായി. ടീച്ചര്‍ പൈസ വാങ്ങുന്നുവെന്ന രീതിയില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച വന്നെന്നും അതിന് കാരണം ഞാനാണെന്നും ആയി ആരോപണം – സുഗില പറഞ്ഞു.
തന്നോടുള്ള എതിര്‍പ്പൊഴിവാക്കാന്‍ കഴിഞ്ഞ വര്‍ഷം സംരംഭം നടത്തിപ്പ് അനുമതി സുഗില ഭര്‍ത്താവ് വിനോദിന്റെ പേരിലാക്കിയെങ്കിലും ഇതുവരെ നഗരസഭ ഇതിന് അനുമതി നല്‍കിയിട്ടില്ല. വാടക നല്‍കാനാകാതെയും വരുമാനം നിലച്ചും വായ്പകളും ചേര്‍ന്ന് അരക്കോടി രൂപയോളമാണ് സുഗിലയുടെ ഇതുവരെയുള്ള നഷ്ടം. എല്ലാ വഴികളുമടഞ്ഞ് പാടെ ഉപേക്ഷിക്കേണ്ട നിലയിലാണ് ഇപ്പോള്‍ സുഗിലയുടെ സ്വപ്ന പദ്ധതി. അതേസമയം കെട്ടിട്ടങ്ങളും മറ്റുനിര്‍മ്മാണങ്ങള്‍ക്കും നമ്പര്‍ അനുവദിച്ചു നല്‍കേണ്ടത് ഉദ്യോഗസ്ഥരാണെന്നും ഇക്കാര്യത്തില്‍ നഗരസഭാ അധ്യക്ഷയായ തനിക്ക് യാതൊരു അധികാരവുമില്ലെന്നുമാണ് പികെ ശ്യാമള പറഞ്ഞു.
പറഞ്ഞുനില്‍ക്കാനാവാത്തവിധം ഒന്നിനുപിറകെ ഒന്നായിവരുന്ന പ്രശ്‌നങ്ങളില്‍ അണികള്‍ മാത്രമല്ല നേതാക്കളും അസ്വസ്ഥരാണ്.
ശരിയായാലും തെറ്റായാലും കണ്ണൂര്‍ക്കാരായ നേതാക്കളെപ്പറ്റി ധാര്‍ഷ്ട്യക്കാരെന്ന ആക്ഷേപം മറ്റുജില്ലകളില്‍ പരക്കേയുണ്ട്. ഏറ്റവുമൊടുവില്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തിലും ‘ധാര്‍ഷ്ട്യം’ ആരോപിക്കപ്പെടുന്നു. നഗരസഭാ ചെയര്‍പേഴ്സന്റെ ധാര്‍ഷ്ട്യമാണ് സംഭവങ്ങളെ ഇത്രത്തോളമെത്തിച്ചതെന്നാണ് ആക്ഷേപം.
വികസന സംരംഭങ്ങളുടെ കാര്യത്തില്‍ വലിയ കുതിപ്പ് നടത്തിയെന്നും വിദേശങ്ങളിലടക്കം അംഗീകാരം നേടിയെന്നും അവകാശപ്പെടുന്ന സന്ദര്‍ഭത്തില്‍ ഇടിത്തീ പോലെയാണ് ആന്തൂര്‍ ദുരന്തം. കേന്ദ്രകമ്മിറ്റി അംഗം എ.വി. ഗോവിന്ദന്റെ ഭാര്യയും നഗരസഭാധ്യക്ഷയുമായ പി.കെ. ശ്യാമളയ്‌ക്കെതിരേയാണ് ആക്ഷേപമെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു.
പാര്‍ട്ടിഗ്രാമങ്ങളില്‍ വന്‍തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടാകുന്നതെന്തുകൊണ്ടെന്ന് കേന്ദ്രകമ്മിറ്റി തിരഞ്ഞെടുപ്പ് റിവ്യു റിപ്പോര്‍ട്ടില്‍ ചോദിക്കുന്നതിന്റെ ഉത്തരമാണ് ആന്തൂര്‍ ദുരന്തമെന്ന് പാര്‍ട്ടിക്കാര്‍തന്നെ പറയുന്നു. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയില്‍ ശുദ്ധീകരണം ആവശ്യമാണെന്ന് സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ജില്ലാകമ്മിറ്റി ചര്‍ച്ചചെയ്തതിന്റെ പിറ്റേന്നാണ് സാജന്‍ പാറയിലിന്റെ ആത്മഹത്യ.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകനെതിരേ ഉയര്‍ന്ന പീഡനപരാതിക്ക് പിന്നാലെയായതിനാല്‍ വിഷയത്തില്‍ പാര്‍ട്ടി പൂര്‍ണമായും പ്രതിരോധത്തിലായി. പാര്‍ട്ടി സെക്രട്ടറിക്ക് ഉത്തരവാദിത്വമില്ലെങ്കിലും കുടുംബാംഗങ്ങളെക്കുറിച്ച് പലതവണയായി ഉയരുന്ന ആക്ഷേപത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തി ഉയര്‍ന്നിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുമ്പൊരിക്കലുമില്ലാത്തത്ര പരാജയമുണ്ടായതിന് കാരണം കണ്ണൂരിലെ കൊലപാതകമാണെന്നും പാര്‍ട്ടി വിലയിരുത്തിയിരുന്നു. ഈ വിഷമവൃത്തത്തില്‍നിന്ന് പുറത്തുകടന്നില്ലെങ്കില്‍ അകന്നുപോയവരെ തിരികെ കൊണ്ടുവരാനാവില്ലെന്ന് മാത്രമല്ല, കൂടുതല്‍ തിരിച്ചടികളുണ്ടാവുമെന്നാണ് നേതൃത്വത്തിന്റെ ആശങ്ക.
പ്രതിരോധം തീര്‍ക്കാനായി ജില്ലാനേതൃത്വം മുറിവുണക്കല്‍ നടപടി തുടങ്ങിയിട്ടുണ്ട്. ജില്ലാ സെക്രട്ടറി എം.വി. ജയരാജനും മുന്‍ ജില്ലാസെക്രട്ടറി പി. ജയരാജനും മിക്കയിടത്തും നേരിട്ടെത്തി കാര്യങ്ങള്‍ വിശദീകരിക്കുന്നു. സി.ഒ.ടി. നസീര്‍ വധശ്രമത്തില്‍ പങ്കെടുത്തവരെ തള്ളിപ്പറയാന്‍ തലശ്ശേരിയില്‍ കഴിഞ്ഞദിവസം നടന്ന പൊതുയോഗം ഇതിന്റെ ഭാഗമാണ്. ആന്തൂര്‍ സംഭവം സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ തളിപ്പറമ്പ് ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍മശാലയില്‍ ശനിയാഴ്ച പൊതുയോഗം ചേരും. പി. ജയരാജനും എം.വി. ജയരാജനും പ്രസംഗിക്കും. പ്രാദേശിക യോഗങ്ങള്‍ വിളിച്ച് ജാഗ്രത പാലിക്കാനും പാര്‍ട്ടി ആവശ്യപ്പെടുന്നുമുണ്ട്.
Leave a Comment