70 സ്ത്രീകളെ സൈന്യം ബലാത്സംഗം ചെയ്തു

ഖാര്‍ത്തോം: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമെതിരെ വ്യാപകമായ ലൈംഗിക അതിക്രമം നടന്നെന്ന് റിപ്പോര്‍ട്ട്. ജനകീയ സര്‍ക്കാരിനു വേണ്ടി പ്രതിഷേധം തുടരുന്ന പ്രക്ഷോഭകരില്‍പ്പെട്ട എഴുപതിലേറെ വനിതകളെ ഉള്‍പ്പെടെയാണ് പാരാമിലിട്ടറി അംഗങ്ങള്‍ ബലാത്സംഗം ചെയ്തത്.

തലസ്ഥാനമായ ഖാര്‍ത്തുമിലെ സൈനിക കേന്ദ്രത്തിനു മുന്നില്‍ പ്രക്ഷോഭം തുടരുന്നതിനിടെ പ്രതിഷേധക്കാര്‍ക്കു നേരെ ജൂണ്‍ മൂന്നിന് സൈന്യം അക്രമം നടത്തുകയായിരുന്നു. തുടര്‍ന്നു നടന്ന അക്രമത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായും 700ലേറെ പേര്‍ക്കു പരുക്കേറ്റതായും പ്രക്ഷോഭകരെ പിന്തുണയ്ക്കുന്ന ഡോക്ടര്‍മാരുടെ കൂട്ടായ്മ പറഞ്ഞു. മരിച്ചവരില്‍ 19 പേര്‍ കുട്ടികളാണെന്നും റിപ്പോര്‍ട്ടുണ്ട്. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഉത്തരവ് നല്‍കിയതായും അക്കാര്യത്തില്‍ ചില ‘തെറ്റുകള്‍’ പറ്റിയതായും സൈന്യം സമ്മതിച്ചിട്ടുണ്ട്.

സൈനിക ഭരണകൂടത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ് (ആര്‍എസ്എഫ്) എന്ന അര്‍ധസൈനിക വിഭാഗമാണ് കുത്തിയിരിപ്പു സമരം നടത്തുകയായിരുന്ന ആയിരക്കണക്കിനു പേര്‍ക്കു നേരെ അക്രമം അഴിച്ചു വിട്ടത്. സൈനിക കേന്ദ്രത്തിനു നേരെ നടന്ന അതിക്രമം തടയാനെന്ന പേരില്‍ നടത്തിയ തിരച്ചിലുകള്‍ക്കിടെയായിരുന്നു ബലാത്സംഗമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രക്ഷോഭകരെ ചികിത്സിച്ച ആശുപത്രി ജീവനക്കാര്‍ക്കു നേരെയും പീഡനമുണ്ടായി. മനുഷ്യാവകാശ പ്രവര്‍ത്തകരായ വനിതകളും പീഡനത്തിനിരയായെന്ന റിപ്പോര്‍ട്ട് ഐക്യരാഷ്ട്ര സംഘടയും (യുഎന്‍) പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ സ്വതന്ത്രാന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.

pathram:
Leave a Comment