തിരുവനന്തപുരം: സംസ്ഥാന തീരങ്ങളിലും മറ്റ് അതിര്‍ത്തികളിലും ജാഗ്രത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പതിനെട്ട് കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകളിലും കോസ്റ്റല്‍ ഇന്റലിജന്‍സ് വിങ്ങുകള്‍ രൂപവത്കരിച്ചിട്ടുട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.
തീരദേശ മേഖലകളില്‍ ഫിഷറീസ് ഡിപ്പാര്‍ട്മെന്റിന്റെയും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും സഹകരണത്തോടെ ബോട്ട് പട്രോളിങ്ങും നടത്തിവരുന്നുണ്ട്. തീരസുരക്ഷ ശക്തിപ്പെടുത്താനായി തീരദേശവാസികളെ ഉള്‍പ്പെടുത്തി കടലോര ജാഗ്രതാ സമിതികള്‍ രൂപവത്കരിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇരുന്നൂറു പേര്‍ക്ക് പരിശീലനം നല്‍കിയ ശേഷം തീരദേശത്തെ പോലീസ് സ്റ്റേഷനുകളില്‍ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഐ എസ് സാന്നിധ്യമെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏതാനും ദിവസം മുമ്പ് ശ്രീലങ്കയില്‍നിന്ന് ഐ എസ് ഭീകരരെന്ന് സംശയിക്കുന്നവരുമായി ഒരു ബോട്ട് ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങിയെന്നാണ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ കേരളാതീരത്തും ലക്ഷദ്വീപ് കടലിലും നാവികസേനയും തീരസംരക്ഷണസേനയും ജാഗ്രത പാലിക്കുന്നുണ്ട്.
ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് വന്നതിനു പിന്നാലെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വിവിധ സുരക്ഷാ ഏജന്‍സികളിലെ ഉന്നതോദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനതല കോ ഓര്‍ഡിനേറ്ററായി സുരക്ഷാവിഭാഗം ഐ ജി ജി ലക്ഷ്മണയെ നിയോഗിച്ചിട്ടുമുണ്ട്.
Leave a Comment