ഇഷ്ടമുള്ള സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കൂ; ഹര്‍ജിക്കാര്‍ ശല്യമാകുന്നുവെന്നും സുപ്രീം കോടതി

നൂറ് ശതമാനം വിവിപാറ്റുകളും എണ്ണണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ചെന്നൈയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഇഷ്ടമുള്ള സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കൂവെന്ന് സുപ്രീംകോടതി വിലയിരുത്തി. ഹര്‍ജിക്കാര്‍ ശല്യപ്പെടുത്തുന്നുവെന്നും കോടതി നിരീക്ഷിച്ചു.

അന്‍പതു ശതമാനം വിവിപാറ്റ് എണ്ണണമെന്നാവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ചു വിവിപാറ്റിലെ രസീതുകള്‍ എണ്ണാമെന്നായിരുന്നു കോടതി ഉത്തരവ്. പുനപരിശോധന ഹര്‍ജി നല്‍കിയെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതേ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.

വോട്ടെണ്ണല്‍ വ്യാഴാഴ്ച നടക്കാനിരിക്കെയാണ് ഈ ആവശ്യം ഉന്നയിച്ച് ചന്ദ്രബാബു നായിഡു സമരം ചെയ്യുന്നത് . എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നതിനിടെയാണ് പ്രതിപക്ഷം കമ്മിഷന് മുന്നില്‍ പ്രത്യക്ഷ സമരം നടത്തുന്നത്. എക്‌സിറ്റ് പോള്‍ പോലെ തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ റീ പോളിങ് ആവശ്യപ്പെടുമെന്ന് എഎപി വ്യക്തമാക്കിയിരുന്നു.

വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടക്കാതെ ഫലം ബിജെപിയ്ക്ക് അനുകൂലമാകില്ലെന്നാണ് എഎപി എം പി സഞ്ജയ് സിങ്ങിന്റെ വാദം. എക്‌സിറ്റ് പോളുകള്‍ ഇവിഎം മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടിന്റെ അടിസ്ഥാനത്തിലല്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റലി തിരിച്ചടിച്ചു

pathram:
Leave a Comment